ചെറുപുഷ്പ മിഷന്‍ ലീഗിന് പുതിയ ലോഗോ; മാര്‍ ജോസഫ് അരുമച്ചാടത്ത് പ്രകാശനം ചെയ്തു

ചെറുപുഷ്പ മിഷന്‍ ലീഗിന് പുതിയ ലോഗോ;  മാര്‍ ജോസഫ് അരുമച്ചാടത്ത്  പ്രകാശനം ചെയ്തു

കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പരിഷ്‌ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഒരു അന്താരാഷ്ട്ര അല്‍മായ സംഘടനയായി മിഷന്‍ ലീഗ് വളര്‍ന്നതിനെ തുടര്‍ന്നാണ് ലോഗോ പരിഷ്‌ക്കരിച്ചത്.

സിറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സഹ രക്ഷാധികാരിയുമായ മാര്‍ ജോസഫ് അരുമച്ചാടത്ത് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു.

കമ്മീഷന്‍ അംഗങ്ങളായ മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍, മാര്‍ മാത്യു നെല്ലിക്കുന്നേല്‍, സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, ലുക്ക് പിണമറുകില്‍, സിസ്റ്റര്‍ ജിന്‍സി ചാക്കോ എംഎസ്എംഐ എന്നിവര്‍ സന്നിഹിതരായിരുന്നു.

സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച ദൈവജന മുന്നേറ്റമാണ് ചെറുപുഷ്പ മിഷന്‍ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവര്‍ത്തനമാരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിലുടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളര്‍ന്നു പന്തലിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച മിഷന്‍ ലീഗ് അമേരിക്ക, കാനഡ, യു.കെ, അയര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി, ഓസ്‌ട്രേലിയ, ഖത്തര്‍ എന്നിവിടങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഔദ്യോഗിക അന്തര്‍ദേശീയ സമിതിയെ തിരഞ്ഞെടുത്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.