കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് കാഞ്ഞിരപ്പള്ളി, താമരശേരി ബിഷപ്പുമാര്‍.
ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വനം മന്ത്രി രാജി വെക്കണമെന്നും ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ഇരുവരും പറഞ്ഞു.
കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനം വകുപ്പും നോക്കുകുത്തികളായി നില്‍കുകയാണെന്ന് ബിഷപ്പുമാര്‍ ആരോപിച്ചു.
കര്‍ഷകരായതു കൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്ന് താമരശേരി ബിഷപ്പ് ചോദിച്ചു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു.
വന്യ ജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഈ സാഹചര്യത്തില്‍ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ വനം മന്ത്രി തയ്യാറാവണം. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങള്‍ക്ക് മറുപടി പറയാന്‍ അദേഹം തയാറാകണമെന്നാണ് നമ്മുടെയും ഇന്‍ഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് പറഞ്ഞു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഉന്നയിച്ച് വന്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. അതേസമയം വന്യജീവി ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനം മന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ചോദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.