അതിര്‍ത്തിയില്‍ നിയന്ത്രണം; കേന്ദ്ര, കര്‍ണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

 അതിര്‍ത്തിയില്‍ നിയന്ത്രണം; കേന്ദ്ര, കര്‍ണാടക  സർക്കാരുകൾക്ക്  ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി നോട്ടീസയച്ചു. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് താൽകാലിക സ്റ്റേ ഇല്ല.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 അണ്‍ലോക്ക് നാലാംഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ അഭിഭാഷകനായ ബി. സുബ്ബയ്യ റായി നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അടിയന്തര പരിഗണന ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഇന്നലെയാണ് കോടതി പരിഗണിച്ചത്.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെമാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ യാത്രാ നിരോധനം ഏർപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.