കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതും വിലക്കി ഹൈക്കോടതി. അധ്യാപകർക്ക് മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനവിരുദ്ധമാണെന്നും വിദ്യാഭ്യാസ അവകാശ ചട്ടത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്.
സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം വിലക്കിയിട്ടുണ്ടെങ്കിലും എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇത് ബാധകമാക്കാത്തത് അനീതിയാണെന്നുകാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് അടക്കം നൽകിയ ഹർജികളാണ് പരിഗണിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കുന്നതടക്കം രാഷ്ട്രീയ പ്രവർത്തനത്തിന് ചട്ടപ്രകാരം അനുമതിയുണ്ടെന്നായിരുന്നു സർക്കാർ വാദം. സർക്കാർ പ്രതിഫലം പറ്റുന്നവരെ മത്സരിക്കാൻ അയോഗ്യരാക്കുന്ന നിയമത്തിൽനിന്ന് ഇവർക്ക് ഇളവുണ്ട്.
1951ലെ കേരള ലെജിസ്ലേറ്റിവ് അസംബ്ലി റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ നിയമത്തിലെ (അയോഗ്യതക്ക് ഇളവ് അനുവദിക്കൽ) 2(iv) വകുപ്പ് പ്രകാരമാണ് ഈ ഇളവ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റർ 4(എ) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് അവകാശം നൽകുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ നിയമനം സർക്കാരും എയ്ഡഡ് സ്കൂളിലേത് മാനേജ്മെന്റുമാണ് നടത്തുന്നത്.
കാഷ്വൽ ലീവ് അടക്കമുള്ളവയുടെ കാര്യത്തിലെന്നപോലെ, സർക്കാർ മേഖലക്കും എയ്ഡഡിനും ഒരുപോലെ ബാധകമാക്കി കേരള വിദ്യാഭ്യാസ നിയമവും ചട്ടവും നിഷ്കർഷിച്ച വ്യവസ്ഥകളുണ്ട്. ഇവക്ക് പുറത്തുള്ളതൊന്നും എയ്ഡഡ് മേഖലക്ക് ബാധകമാകില്ലെന്നും സർക്കാർ വാദിച്ചു.
ഈ ഉത്തരവ് പ്രകാരം ഇനി മുതല്‍ അധ്യാപകര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിലോ, നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കാന്‍ സാധിക്കില്ല. അതേസമയം നേരത്തെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.