കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്നത് അതിക്രൂരമായ റാഗിങ്. ജൂനിയര്‍ വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലില്‍ കെട്ടിയിട്ട് ഉപദ്രവിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുണ്ട്.
സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ വിദ്യാര്‍ഥി വേദനിച്ച് നിലവിളിക്കുന്നതും കേള്‍ക്കാം. മുറിവേറ്റ ഭാഗത്ത് ബോഡി ലോഷന്‍ തേച്ചതോടെയാണ് വിദ്യാര്‍ഥി നിലവിളിക്കുന്നത്.
നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലാണോ എന്നും പോലും സംശയിച്ചു പോകും. അത്രയ്ക്കും ഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പല ദൃശ്യങ്ങളും പുറത്തുപോലും കാണിക്കാന്‍ പറ്റാത്തത്ര ഭീകരമാണ്.
ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളജ് ബോയ്‌സ് ഹോസ്റ്റലിലാണ് ഒന്നാം വര്‍ഷക്കാരായ ആറ് പേര്‍ അതിക്രൂരമായ പീഡനം നേരിട്ടത്. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാന്‍ഡ് ചെയ്തു.
കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മര്‍ദ്ദന മുറകള്‍ക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാന്‍ ആഴ്ചയില്‍ 800 രൂപ നല്‍കണം. ഇല്ലെങ്കില്‍ മര്‍ദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി പുതിയ മര്‍ദ്ദനമുറകള്‍ തുടങ്ങും.
ക്ലാസ് ആരംഭിച്ച നവംബര്‍ നാല് മുതല്‍ മര്‍ദ്ദനം പതിവാണെന്ന് കുട്ടികള്‍ പറഞ്ഞു. ജനറല്‍ നഴ്‌സിങ്് ഒന്നാംവര്‍ഷ ബാച്ചില്‍ ആറ് ആണ്‍ കുട്ടിളേയുള്ളൂ. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരും ഇടുക്കിയില്‍ നിന്നുള്ള ഒരാളുമാണ് ഇരകള്‍.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി ചേരിപ്പടി റിജില്‍ ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.