പിഴവുകള്‍ ആവർത്തിച്ച് ബാംഗ്ലൂർ, ശക്തമായ സാന്നിദ്ധ്യമായി ഡെല്‍ഹി

പിഴവുകള്‍ ആവർത്തിച്ച് ബാംഗ്ലൂർ, ശക്തമായ സാന്നിദ്ധ്യമായി ഡെല്‍ഹി

കഴിഞ്ഞ ഐപിഎല്‍ സീസണുകളിലെല്ലാം ആവർത്തിച്ച പിഴവുകള്‍ ഇക്കുറിയും ബാംഗ്ലൂർ ആവർത്തിക്കുന്നത് തന്നെയാണ് അവരുടെ പരാജയ കാരണങ്ങളില്‍ പ്രധാനം. ഡെയ്ന്‍ സ്റ്റെയിനെ പുറത്തിരുത്തി പുതിയ കൂട്ടുകെട്ടുകള്‍ പരീക്ഷിച്ചുവെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. കഴിഞ്ഞ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചുവെന്ന് പറയാന്‍ കഴിയുന്ന ബൗള‍ർ യുസ് വേന്ദ്ര ചാഹലിനെ ഉപയോഗിച്ച രീതിയില്‍ പാളിച്ചപറ്റി. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. രണ്ട് മാറ്റങ്ങളുമായാണ് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കാനിറങ്ങിയത്. ബാറ്റ്സ്മാന് പകരം മോയിന്‍ അലിയെന്ന ഓള്‍ റൗണ്ടറെ കൊണ്ടുവന്നു. ഒരു ഓവർസീസ് താരത്തെ മാറ്റി മറ്റൊരു ഓള്‍റൗണ്ടറെ കൊണ്ടുവന്നു. എന്നാല്‍, ആദ്യം ബൗള്‍ ചെയ്യാനെടുത്ത തീരുമാനം ടീമിന് അനുകൂലമായില്ല.

ബൗളിംഗിനെ ശക്തിപ്പെടുത്തിയാല്‍ ടോട്ടല്‍ ഡിഫന്‍റ് ചെയ്യാനുളള അവസരമാണ് കൂടുന്നത്. എന്നാല്‍ ഇവിടെ അതിനുളള ആത്മവിശ്വാസമുണ്ടായില്ല. അതേസമയം, ഒരു ബാറ്റ്സ്മാനെ വെട്ടിക്കുറയ്ക്കുകയും ചെയ്തു.മോയിന്‍ അലിയ്ക്ക് ബാറ്റ് ചെയ്യാന്‍ കഴിയുമെന്നുളള വിശ്വാസത്തിലായിരിക്കും ആ തീരുമാനമെടുത്തതെങ്കിലും അത് ഫലപ്രദമായില്ല. അവസാന ഓവറുകളിലേക്ക് വരുമ്പോള്‍ വിശ്വസ്തതയോടെ പന്തേല്‍പിക്കാന്‍ പറ്റുന്ന ഒരു ബൗളർ അവ‍ർക്കില്ലെന്നുളളത് വലിയ പോരായ്മാണ്. അവസാന മൂന്ന് ഓവറുകളില്‍ മത്സരം പിടിച്ചുനിർത്താന്‍ മുഹമ്മദ് സിറാജും ഇസ്രു ഉഡാനയും ശ്രമിച്ചുവെങ്കിലും, അതിന് മുന്‍പ് തന്നെ മത്സരത്തിന്‍റെ ഗതി മാറിയിരുന്നു. മറ്റൊന്ന് കഴിഞ്ഞ സീസണുകളിലെപ്പോലെ ബാറ്റിംഗില്‍ കൂടുതല്‍ സമ്മർദ്ദം വിരാട് കോലിക്കും എ ബി ഡിവില്ലേഴ്സിനും മാത്രമാകുന്നുവെന്നുളളതാണ്. അവരുടെ ആരുടെയെങ്കിലും വിക്കറ്റ് വീണാല്‍ മത്സരം കഴിഞ്ഞുവെന്നുളളതാണ് അവസ്ഥ. ദേവ് ദത്ത് പടിക്കലിന്, സീസണില്‍ മൂന്ന് അർദ്ധസെഞ്ചുറികള്‍ നേടാന്‍ സാധിച്ചുവെങ്കിലും ആവശ്യമായ റണ്‍റേറ്റ് 10 നുമുകളിലേക്ക് വരുമ്പോള്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന പ്രകടനം നടത്താന്‍ എത്രത്തോളം കഴിയുമെന്നുളളത് ഇനിയുളള മത്സരങ്ങളാണ് തെളിയിക്കേണ്ടത്. വിരാട് കോലി, എബി ഡിവില്ലേഴ്സ് ഇവരെ ആശ്രയിച്ച് മുന്നോട്ടു പോകുന്ന ബാറ്റിംഗ്. ഒപ്പം അവസാന ഓവറുകളില്‍ നന്നായി പന്തെറിയാന്‍ സാധിക്കാത്തത്.ഈ രണ്ടു പോരായ്മകളും ടീം പരിഹരിക്കണം. ഇന്ത്യന്‍ബാറ്റ്സ്മാന്‍മാരുടെ മികച്ച നിരയുളളതാണ് ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ കരുത്ത്. തങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കുന്ന ഫിനിഷർമാ‍ർക്കായി ബാറ്റിംഗില്‍ അടിത്തറയുണ്ടാക്കുകയെന്നുളളത് ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വിഷായും അതിന് ശേഷം വരുന്ന ഋഷഭ് പന്തും ശ്രേയസ് അയ്യരും നന്നായി ചെയ്യുന്നു. അവസാന ഓവറുകളില്‍ തകർത്തടിക്കാന്‍ പാകത്തിന് സ്റ്റോനിസിനേയും ഹെറ്റ്മെയ‍റേയും കരുതിവയ്ക്കുകയും ചെയ്യുന്നു തന്ത്രശാലിയായ കോച്ച് റിക്കി പോണ്ടിംഗ്.

ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ ഹെറ്റ്മെയറാണ് ആദ്യം ബാറ്റ് ചെയ്യാന്‍ എത്തേണ്ടത്. മർക്കസ് സ്റ്റോനിസ് നല്ല ഫോമിലാണ് എന്നുളളതുകൊണ്ട് നേരത്തെ അവസരം കൊടുക്കുന്നു. അത് മികച്ച രീതിയില്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഫിനിഷറെ കൃത്യമായി ഉപയോഗിച്ച് അതിനനുസരിച്ച് ഗെയിം പ്ലാന്‍ മാറ്റാന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് സാധിക്കുന്നുണ്ട്. 145 കിലോ മീറ്റ‍ർ വേഗതയില്‍ പന്തെറിയുന്ന രണ്ട് ദക്ഷിണാഫ്രിക്കന്‍ ബൗളർമാരും ടീമിന്‍റെ ശക്തിയാണ്.അതോടൊപ്പം മധ്യ ഓവറുകളില്‍ പന്തെറിയാന്‍ ഹർഷല്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതും നല്ല തീരുമാനമായി. അമിത് മിശ്രയുടെ ഒഴിവ് മികച്ച ഫോമിൽ പന്തെറിയുന്ന രവിചന്ദ്ര അശ്വിൻ നികത്തി. ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിന്‍റെ വിജയ സാധ്യത ഇല്ലാതാക്കിയത് സ്പിന്നർമാരായ അക്ഷ‍ർ പട്ടേലിന്‍റേയും രവിചന്ദ്രന്‍ അശ്വിന്‍റേയും പ്രകടനമാണ്. ചുരുക്കത്തില്‍ നല്ല ബൗളിംഗ് നിരയും പ്ലാന്‍ ചെയ്ത് കളിക്കുന്ന ബാറ്റിംഗ് നിരയുമാണ് ഡല്‍ഹിക്യാപിറ്റല്‍സിന്‍റെ വിജയത്തിന്‍റെ കാതല്‍. ഈ വിജയത്തോടെ സീസണില്‍ ശ്രദ്ധേയ പ്രകടനം നടത്തി ശക്തിയായി മാറി കഴിഞ്ഞിരിക്കുന്നു ഡെല്‍ഹി ക്യാപിറ്റല്‍സ്.

സ്കോർ ഡെല്‍ഹി ക്യാപിറ്റല്‍സ് 196 4 (20)

ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് 137 9 (20)

സോണി ചെറുവത്തൂർ

(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.