വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി; ക്ഷേത്രത്തില്‍ രണ്ടാനകള്‍ക്ക് അനുമതി ഉണ്ടായിരുന്നുവെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി; ക്ഷേത്രത്തില്‍ രണ്ടാനകള്‍ക്ക് അനുമതി ഉണ്ടായിരുന്നുവെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വനംമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. എ.ഡി.എമ്മുമായി കൂടിയാലോചിച്ചാവും റിപ്പോര്‍ട്ട് തയ്യാറാക്കുക. അന്തിമറിപ്പോര്‍ട്ട് വൈകുന്നേരത്തോടെ സമര്‍പ്പിക്കും. കൊയിലാണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്‍. കീര്‍ത്തി.

ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ക്ഷേത്രത്തിലെത്തി സംഭവസ്ഥലം പരിശോധിച്ചു. ഇതിന് ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും. ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ മൊഴിയെന്നും കീര്‍ത്തി പറഞ്ഞു.

വിശദപരിശോധന നടന്നുവരികയാണ്. രണ്ടാനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടോടി ഉണ്ടായ അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. തൊട്ടടുത്ത് വന്‍ ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു.

31 പേര്‍ക്കാണ് പരിക്കേറ്റത്. ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സരാജ് (60), പത്മാവതി (68), വാസുദേവന്‍ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണ വര്‍മ (56), പ്രണവ് (25), കല്യാണി (77), പത്മനാഭന്‍ (76), വബിത (45), മഹേഷ് (45), രാഹുല്‍ (23), അഭിനന്ദ (25), ഗിരിജ (65) എന്നിവരാണ് പരിക്കേറ്റവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.