ദുബായ്: കഴിഞ്ഞുപോയ 50 വർഷങ്ങള്‍ക്കുളളില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ അറബ് രാജ്യമാകാന്‍ യുഎഇയ്ക്ക് സാധിച്ചുവെങ്കില്‍ ഇനി വരുന്ന 50 വർഷങ്ങള്‍ക്കുളളില്‍ വലിയ നേട്ടങ്ങള്‍ യുഎഇ സ്വന്തമാക്കുമെന്ന് ഭരണാധികാരികള്‍.
മരുഭൂമിയില്‍ നിന്ന് ബഹിരാകാശത്തെത്താന്‍ കഴിഞ്ഞ രാജ്യമാണ് യുഎഇ. അടുത്ത 50 വർഷം രാജ്യം വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
യുഎഇയെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തരായ ശാസ്ത്രജ്ഞരും സാമ്പത്തിക- വിദ്യാഭ്യാസ വിദഗ്ധരുമുണ്ട്. അവരെ നയിക്കാന്‍ അബുദാബി കീരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദുമുളളപ്പോള്‍, ഒരു ലക്ഷ്യവും നമുക്ക് അപ്രാപ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിന് മുന്നില്‍ അസാധാരണ വികസന മാതൃകയാണ് യുഎഇ കാണിച്ചുകൊടുത്തത്. സംരംഭകർക്കും നിക്ഷേപകർക്കും യുവ പ്രതിഭകൾക്കുമുള്ള ആകർഷകമായ സൗകര്യങ്ങളും രാജ്യത്തുണ്ട്. അതുകൊണ്ടു തന്നെ ഒന്നും അസാധ്യമല്ലെന്നുകൂടി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
നമ്മുടെ പൂർവ്വികർ കാണിച്ചുതന്ന പാതയിലൂടെ നാം മുന്നോട്ട് നടക്കുകയാണ്. അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഇപ്പോഴുളളതിന്റെ പതിന്മടങ്ങ് ഊർജ്ജവും കാര്യശേഷിയുമുളളവരെ സർക്കാർ മേഖലയിലേക്ക് സ്വാഗതം ചെയ്യുകയാണ്. കഴിവുകൾ, ആശയങ്ങൾ, നിക്ഷേപം എന്നിവയ്ക്കുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് പറഞ്ഞു.
അടുത്ത 50 വർഷത്തേക്കുളള വികസന മാതൃകകള്‍ രൂപീകരിക്കുന്നതിനുളള യോഗത്തിന്റെ സമാപന സമ്മേളത്തിലായിരുന്നു നേതാക്കള്‍ ഒത്തുകൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.