ഇന്ത്യയിലെ പിസിആർ ടെസ്റ്റ് നിബന്ധന: യാത്ര മാറ്റിവയ്ക്കാന്‍ നിർബന്ധിതരായി പ്രവാസി കുടുംബങ്ങള്‍

ഇന്ത്യയിലെ പിസിആർ ടെസ്റ്റ് നിബന്ധന: യാത്ര മാറ്റിവയ്ക്കാന്‍ നിർബന്ധിതരായി പ്രവാസി കുടുംബങ്ങള്‍

ദുബായ്: യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതോടെ നാട്ടിലേക്കുളള യാത്ര മാറ്റിവയ്ക്കുകയാണ് പല പ്രവാസി കുടുംബങ്ങളും. നാല് പേരുളള കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് നിരക്കുള്‍പ്പടെ വലിയ ചെലവ് വരുന്നതുകൊണ്ട് നിയമത്തില്‍ ഇളവ് വരുമോയെന്നറിയാനുളള കാത്തിരിപ്പിലാണ് പലരും.

150 ദിർഹമാണ് ദുബായില്‍ ഒരാള്‍ക്ക് പിസിആർ ടെസ്റ്റെടുക്കുന്നതിനുളള നിരക്ക്. നാലു പേർക്ക് ടെസ്റ്റ് എടുക്കാന്‍ ചെലവ് 600 ദിർഹം. ഏകദേശം 12,000 ഇന്ത്യന്‍ രൂപ. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഒരാള്‍ക്ക് 1700 രൂപയാണ് പിസിആർ ടെസ്റ്റിന്റെ നിരക്ക്. 6800 രൂപ വിമാനത്താവളത്തിലെ ടെസ്റ്റിന് നല്‍കണമെന്നർത്ഥം. ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റെടുക്കണമെങ്കില്‍ വീണ്ടും ഇതേ തുക നല്‍കണം.

പലരും കുറഞ്ഞ ദിവസത്തെ അവധിക്കാണ് നാട്ടിലേക്ക് എത്തുന്നതു എന്നുളളതുകൊണ്ടു തന്നെ ഏഴു ദിവസം കഴിഞ്ഞ് ക്വാറന്റീന്‍ അവസാനിപ്പിക്കാനാണ് താല്‍പര്യപ്പെടുക. അങ്ങനെയെങ്കില്‍ പിസിആർ ടെസ്റ്റ് നിർബന്ധവുമാണ്. ഇതോടെ നാലംഗ കുടുംബത്തിന് കോവിഡ് ടെസ്റ്റിന് മാത്രമായി 26000 രൂപയോളം മാറ്റിവയ്ക്കേണ്ടിവരുന്നു. ഇതാണ് പലരേയും യാത്രമാറ്റിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

വിമാനത്താവളങ്ങളിലെ പിസിആർ ടെസ്റ്റ് സൗജന്യമാക്കുകയോ നിരക്ക് കുറയ്ക്കുകയോ വേണമെന്നുളളതാണ് പ്രവാസികളുടെ ആവശ്യം. ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആകുന്നവർക്ക് നിർബന്ധിത ക്വാറന്റീനില്‍ ഇളവ് നല്‍കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ കോവിഡ് ടെസ്റ്റ് നിരക്കില്‍ വ്യത്യാസമുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെ ടെസ്റ്റ് നിരക്കുകള്‍ ഇപ്രകാരമാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ 1700 രൂപയാണ് കോവിഡ് പിസിആർ ടെസ്റ്റിന്റെ നിരക്ക്. കൂടാതെ യാത്രാക്കാർ കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കുകയും വേണം.

എന്നാൽ അഹമ്മദാബാദിൽ മോളികുലാ‍ർ ടെസ്റ്റ് നിരക്ക് 800 രൂപയാണ്. വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ സുപ്രാടെക് വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം. അതേസമയം ബാംഗ്ലൂരിൽ യാത്രാക്കാ‍ർ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ക്വാറന്റീന്‍ വാച്ച് ആപ്പും അപ്തമിത്ര ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ആ‍ർടി പിസിആർ (എക്സ്പ്രസ് ) 3000 രൂപയും (30 മിനിറ്റിനുളളില്‍ ഫലമറിയാം) ആ‍ർടി പിസിആർ നോർമല്‍ 500 രൂപയുമാണ്.

എന്നാൽ ചെന്നൈയിൽ യാത്രാക്കാർ ടി എന്‍ ഇ പാസില്‍ അപേക്ഷയും വിവരങ്ങളും നല്‍കിയിരിക്കണം. ഇവിടെ 1200 മുതല്‍ 2500 വരെയാണ് കോവിഡ് ടെസ്റ്റ് നിരക്ക്. ഡൽഹിയിൽ ഓണ്‍ അറൈവല്‍ മോളികുലാർ ടെസ്റ്റിന് 800 രൂപയും കണക്ഷന്‍ ഫ്ലൈറ്റിനാണ് യാത്രയെങ്കില്‍ കാത്തിരിപ്പിന് ലോഞ്ച് നിരക്ക് ഒരാള്‍ക്ക് 2600 രൂപയുമാണ്.

അതേസമയം ഹൈദരാബാദിൽ ഓണ്‍ അറൈവല്‍ മോളികുലാർ ടെസ്റ്റിന് 1000 രൂപയും കണക്ഷന്‍ ഫ്ലൈറ്റിനാണ് യാത്രയെങ്കില്‍ കാത്തിരിപ്പിന് ലോഞ്ച് നിരക്ക് ഒരാള്‍ക്ക് 4200 രൂപയുമാണ്. കൊല്‍ക്കത്തയിൽ ഓണ്‍ അറൈവല്‍ മോളികുലാർ ടെസ്റ്റിന് 950 രൂപയാണ്. എന്നാൽ മുംബൈയിൽ 850 രൂപയാണ് ഓണ്‍ അറൈവല്‍ മോളികുലാർ ടെസ്റ്റിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.