സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചെലവേറും; ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

 സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചെലവേറും;  ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതല്‍ വിവിധ കോളേജുകളില്‍ പ്രവേശനം ലഭിച്ച 12000 ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും.

ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിശ്ചിത സമയ പരിധിക്കുളളില്‍ ഫീസ് പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഫീസ് പുനര്‍നിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കി. 2016 മുതല്‍ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചു മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്.

എന്നാല്‍ 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മാനേജ്മെന്റുകള്‍ ഫീസ് നിര്‍ണയ സമിതിക്ക് ഫീസുമായി ബന്ധപ്പെട്ട് കൈമാറുന്ന ശുപാര്‍ശ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ ഉള്ളത് ആകരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫീസ് നിര്‍ണയ സമിതിയുമായി സഹകരിക്കാന്‍ മാനേജ്മെന്റുകളോട് നിര്‍ദേശിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.