ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; ഏഴ് അംഗ സമിതി രൂപീകരിച്ചു

ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; ഏഴ് അംഗ സമിതി രൂപീകരിച്ചു

മുംബൈ: ലവ് ജിഹാദ് കേസുകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരായ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഏഴ് അംഗ സമിതി രൂപീകരിച്ചു.

സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.

വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം അനുസരിച്ച് ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദേശിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.

കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. 'വിവാഹം കഴിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്' എന്ന് എന്‍സിപി (ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ രാജ്യത്തുടനീളം ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ മംഗള്‍ ലോധ പറഞ്ഞു. ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ടെന്നും ലോധ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.