ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജന കുറിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാളെ വിരമിക്കുന്ന രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാളും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് സെലക്ഷന്‍ കമ്മിറ്റിയിലുളളത്. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുക.
രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ്. അദേഹത്തിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. രാജീവ് കുമാറിന്റെ വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തുന്നത് കൂടാതെ പുതിയ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ കൂടി നിയമിക്കാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കേണ്ട ബംഗാള്‍, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിനും നേതൃത്വം നല്‍കേണ്ടത് പുതിയതായി ചുമതലയേല്‍ക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.