'ഹോള്‍ഡിങ് ഏരിയ' സജ്ജമാക്കും; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ പദ്ധതി

 'ഹോള്‍ഡിങ് ഏരിയ' സജ്ജമാക്കും; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍  പുതിയ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ 'ഹോള്‍ഡിങ് ഏരിയ' സജ്ജമാക്കും.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്.

തിരക്ക് കൂടുന്ന അവസരങ്ങളില്‍ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളില്‍ കാത്തുനില്‍ക്കാനനുവദിച്ച് നിയന്ത്രിത രീതിയില്‍ ട്രെയിനുകളില്‍ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാനുദേശിക്കുന്നതെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ഹോള്‍ഡിങ് ഏരിയ സജ്ജമാക്കുക. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന വിശേഷാവസരങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഹോള്‍ഡിങ് ഏരിയകള്‍ പ്രത്യേകമായി സജ്ജമാക്കുന്നത്.

ഈ സംവിധാനത്തിലൂടെ ട്രെയിനില്‍ കയറാനുള്ള യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്കിടയില്‍ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഡല്‍ഹിയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് എല്ലാവരില്‍ നിന്നും സാധ്യമായ പരിഹാരമാര്‍ഗങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടും.

വ്യാപാരികള്‍, ഓട്ടോ-ടാക്സി യൂണിയനുകള്‍, ചുമട്ടു തൊഴിലാളികള്‍, യാത്രക്കാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ത്വരിതഗതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.