ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 2024 മാര്‍ച്ച് മുതല്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അദേഹം തിങ്കളാഴ്ചയാണ് 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്. ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞ രാജീവ് കുമാറിന് പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ ഈ സ്ഥാനത്തേയ്ക്ക് എത്തിയത്.
രാഷ്ട്ര നിര്‍മാണത്തിനുള്ള ആദ്യപടി വോട്ടാണ്. 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യണം. ഇന്ത്യന്‍ ഭരണഘടന, അതില്‍ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നും വോട്ടര്‍മാര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇനി എപ്പോഴും ഉണ്ടായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റതിന് ശേഷം അദേഹം പ്രതികരിച്ചു.
ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തുരഞ്ഞെടുപ്പിനും 2026 ല്‍ നടക്കുന്ന കേരള, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും അദേഹം മേല്‍നോട്ടം വഹിക്കും. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ 2024 മാര്‍ച്ച് 15 നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതയേറ്റത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോള്‍ ജമ്മു കാശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദേഹം. കേരള സര്‍ക്കാരില്‍ എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, അടൂര്‍ സബ് കളക്ടര്‍, കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്റെ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2014 ല്‍ ന്യൂഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ അദേഹത്തെ റസിഡന്റ് കമ്മിഷണറായി നിയമിച്ചു. ഇറാഖില്‍ കുടുങ്ങിയ 183 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിലും അദേഹം പ്രധാന പങ്കുവഹിച്ചു. കൂടാതെ ധനകാര്യ വിഭവങ്ങള്‍, ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകള്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം, യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ എച്ച്‌ഐഐഡിയില്‍ നിന്ന് ഐസിഎഫ്എഐയില്‍ ബിസിനസ് ഫിനാന്‍സും എന്‍വയോണ്‍മെന്റല്‍ ഇക്കണോമിക്സും പഠിച്ചു.
കോണ്‍ഗ്രസിന്റെ എതിര്‍പ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം വരുന്നത് വരെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ തിരക്കിട്ട് നിയമനം നടത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.