തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്തു വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.
മറവി രോഗം ബാധിച്ചതിനാല്‍ ഒരു വര്‍ഷമായി പൂര്‍ണ വിശ്രമത്തിലായിരുന്നു. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു.
യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് സലവനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവര്‍ത്തിച്ചു. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. അസാഹിതീയം, കവിതകളുടെ ഡി.എന്‍.എ. എന്നിവ ശ്രദ്ധേയമായ ലേഖന സമാഹാരങ്ങളാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.
കുട്ടിക്കാലം മുതല്‍ കവിതകള്‍ സ്വയമുണ്ടാക്കിച്ചൊല്ലുമായിരുന്നു. 1956 ല്‍ എസ്ബി കോളജ് മാഗസിനിലും 1962 ല്‍ വിദ്യാലോകം മാസികയിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തില്‍ സജീവമായി. ഭാരതീയ ദര്‍ശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതകയുടെ ഭാവുകത്വം കവിതയില്‍ സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനായി. യാത്രകളും പ്രിയമായിരുന്ന കവി അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം - (2010), വള്ളത്തോള്‍ പുരസ്‌കാരം - (2010), ഓടക്കുഴല്‍ അവാര്‍ഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കള്‍: അദിതി, അപര്‍ണ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.