ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം രാജ്യത്തെ ബിരുദധാരികളില്‍ തൊഴിലെടുക്കുന്നവര്‍ 42.6 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. നൈപുണി വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സിയായ മെഴ്സര്‍-മെറ്റ്ലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2023 ല്‍ 44.3 ശതമാനമായിരുന്നു. രാജ്യത്തെ 31 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരില്‍ നിന്ന് വിവര ശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികേതര മേഖലയിലെ നൈപുണി ശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലെ കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സാങ്കേതിക മേഖലയിലെ തൊഴില്‍ ലഭ്യത മറ്റ് മേഖലകളേക്കാള്‍ കൂടുതലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്‌കില്‍ ഇന്‍ഡക്‌സ്-2025 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിരുദധാരികളിലെ തൊഴില്‍ലഭ്യത ഏറ്റവും കൂടുതല്‍ ഡല്‍ഹിയിലാണ്, 53.4 ശതമാനം. 51.1 ശതമാനം വീതമുള്ള ഹിമാചല്‍ പ്രദേശും പഞ്ചാബുമാണ് തൊട്ടുപുറകില്‍.
സാങ്കേതികേതര മേഖലകളായ അനലിസ്റ്റ്, ഹ്യൂമന്‍ റിസോഴ്സസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയവയില്‍ ഇന്ത്യന്‍ ബിരുദധാരികളിലെ തൊഴില്‍ പ്രാതിനിധ്യം 2024 ല്‍ 43.5 ശതമാനം ആണ്. 2023 ല്‍ 48.3 ശതമാനം ആയിരുന്നു.
സാങ്കേതിക മേഖലയിലെ തൊഴില്‍ പ്രാതിനിധ്യം 2023 ല്‍ 41.3 ശതമാനമായിരുന്നത് 2024 ല്‍ 42 ശതമാനമായി ഉയര്‍ന്നു. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് എന്നിവയില്‍ ബിരുദധാരികള്‍ കൂടുതല്‍ ശേഷികൈവരിച്ചതിനാല്‍ ഈ മേഖലയില്‍ തൊഴില്‍ പ്രാതിനിധ്യം 46.1 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കുറവ് തൊഴില്‍ പ്രാതിനിധ്യം പ്രകടമാകുന്നത് ഡേറ്റാ സയന്റിസ്റ്റ്, ബാക്ക് എന്‍ഡ് ഡെവലപ്പര്‍ തസ്തികകളിലാണ്. അത് 39.8 ശതമാനം മാത്രം. സാങ്കേതിക മേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. സാങ്കേതികേതര മേഖലയില്‍ ആന്ധ്രാപ്രദേശ് ഏഴാം സ്ഥാനത്തുണ്ട്.
അതേസമയം സോഫ്റ്റ് സ്‌കില്‍ മേഖലയില്‍ ബിരുദധാരികളിലെ തൊഴില്‍പ്രാതിനിധ്യം ഉയര്‍ന്ന തോതിലാണ്.കമ്യൂണിക്കേഷന്‍-55.1 ശതമാനം, ക്രിട്ടിക്കല്‍ തിങ്കിങ്-54.6 ശതമാനം, നേതൃ ശേഷി-54.2 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യം ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.