മരണത്തിലും മാതൃക കാട്ടി പ്രവാസി മലയാളി; ബിജുവിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നത് രണ്ടുപേർ

മരണത്തിലും മാതൃക കാട്ടി പ്രവാസി മലയാളി; ബിജുവിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നത് രണ്ടുപേർ

ഷാർജ: പ്രവാസി സമൂഹത്തെ മുഴുവൻ വേദനയിലാഴ്ത്തി യുഎഇയിൽ മരണപ്പെട്ട എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബിജു ജോസഫ് കുന്നുംപുറത്തിന്റെ അവസാന യാത്രയും മാതൃകാപരം. തൊടുപുഴ സ്വദേശിയായ ബിജു ജോസഫ് മരിക്കുന്നതിന് മുൻപ് തന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതം നൽകിയിരുന്നു. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നൽകിയതോടെ ബിജുവിന്റെ അഭിലാഷം കുടുംബം പൂർത്തീകരിച്ചു. കരളും വൃക്കയുമാണ് ദാനം ചെയ്തത്.

ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബിജു ജോസഫിനെ അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പിന്നീട് അവയവങ്ങൾ ദാനം ചെയ്യുന്നതിനായി അബുദാബിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


ബിജു ജോസഫും കുടുംബവും

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ബിജു നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. ജീവിതത്തെയും എഴുത്തിനെയും ആത്മീയ മനസിനോട് ബിജു ബന്ധിപ്പിച്ചിരുന്നു.

ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധങ്ങളായ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബിജു. എംബിഎ ബിരുദധാരിയും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജോസഫ് ജീസസ് യൂത്ത്, പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് - അൽഫോൻസാ കോളേജ് അലുമിന (സ്റ്റാക്ക്), എന്നിവയിലെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബം വർഷങ്ങളായി അജ്മാനിലായിരുന്നു താമസം. ഫെബ്രുവരി ആറിനാണ് 51 കാരനായ ബിജു അജ്മാനിലെ താമസ സ്ഥലത്തെ ബാത്ത് റൂമിൽ കുഴഞ്ഞ് വീണത്. ഈ സമയം അദേഹത്തിന്റെ ഭാര്യയും മകളും ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിൽ ധ്യാനത്തിൽ പങ്കെടുക്കുകയായിരുന്നു. ധ്യാനം സമാപിച്ചപ്പോൾ തങ്ങളെ കൂട്ടാൻ വരേണ്ട ബിജുവിനെ കാണാതെ അസ്വസ്ഥയായ ഭാര്യയും സുഹൃത്തുക്കളും അന്വേഷിച്ച് വീടെത്തുമ്പോഴാണ് അദേഹത്തെ അബോധാവസ്ഥയിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന്  അജ്‌മാൻ ഷെയ്ഖ് ഖലീഫ ആശുപത്രീയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.

ബിജു ജോസഫിന്റെ പുസ്തകങ്ങൾ

നിയമപരമായ നടപടികൾ പൂർത്തിയാക്കി ഈ ആഴ്ച തന്നെ അദ്ദേഹത്തിനെ മൃതദേഹം സംസ്കാര കർമങ്ങൾക്കായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ അറിയിച്ചു. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് തന്നെ പനിയും അസ്വസ്ഥയും പ്രകടിപ്പിച്ച വിജിയെയും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എഴുത്തുകാരൻ, നാടക നടൻ, പ്രാസംഗികൻ, സംഘാടകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച ബിജു ജോസഫ് ശിങ്കാരി മേള സംഘത്തിലെ നല്ലൊരു ചെണ്ട വിദ്വാൻ കൂടിയായിരുന്നു. പരേതനായ കുന്നുംപുറം പാപ്പനാണ് പിതാവ്. മാതാവ്: അന്നക്കുട്ടി. ഭാര്യ: ബിജി ജോസഫ്. മക്കൾ: ആഷിഖ് ബിജു (കാനഡയിൽ വിദ്യാർത്ഥി ) അനേന ബിജു. സഹോദരങ്ങൾ: ജേക്കബ്, ജോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.