ബെയ്ജിങ്: കോവിഡിന്റെ പുതിയ വകഭേദം ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വവ്വാലുകളില്‍ നിന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളള HKU5-CoV2 ആണ് പുതിയ ഇനം വകഭേദമെന്ന് സെല്‍ സയന്റിഫിക് എന്ന ജേര്‍ണല്‍ വ്യക്തമാക്കുന്നു. കോവിഡിന് കാരണമായ SARS-CoV-2 ന്റെ അതേ ശേഷിയുളള വൈറസാണിത്.
ഇതിന് ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുളളതിനാല്‍ മനുഷ്യരില്‍ അണുബാധയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരില്‍ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലാണ് ഗ്വാങ്ഷോ ലബോറട്ടറിയില്‍ ഗവേഷണം നടത്തിയത്.
പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ ഗവേഷണം നടന്നു വരികയാണ്. ഇതിനകം തന്നെ കോവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ.
ഹോങ്കോങിലെ ജാപ്പനീസ് പെപ്പിസ്ട്രെല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കോവിഡില്‍ നിന്നുളള വകഭേദമാണ് ഇത്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു.
SARS-CoV-2 പോലെ ഇതിലും ഫ്യൂറിന്‍ ക്ലീവേജ് സെറ്റ് എന്നറിയപ്പെടുന്ന ഒരു സവിശേഷത അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കോശ പ്രതലങ്ങളിലെ ACE22 റിസപ്റ്റര്‍ പ്രോട്ടീന്‍ വഴി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നു. പ്രധാനമായും ഈ വൈറസ് മനുഷ്യന്റെ കുടലുകളെയും ശ്വാസനാളത്തെയുമായിരിക്കും ബാധിക്കുക.
എന്നാല്‍ 2019 കാലഘട്ടത്തെ അപേക്ഷിച്ച് SARS വൈറസുകളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് പ്രതിരോധശേഷി കൂടുതലായി ഉണ്ടെന്നും വലിയ ദുരന്തം ഉണ്ടാകില്ലെന്നുമാണ് മിനിസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ദനായ മൈക്കല്‍ ഓസ്റ്റര്‍ഹോം പറയുന്നത്.
2019 ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഇത് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയും ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2025 ഫെബ്രുവരിയില്‍ പുറത്തു വന്ന കണക്ക് പ്രകാരം കോവിഡ് മൂലം 7,087,178 പേരാണ് ലോകത്താകെ മരിച്ചത്. ഇത് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മഹാമാരിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.