വെള്ളിയാഴ്ച നിസ്‌കാരത്തിന് ഇനി ഇടവേളയില്ല; 90 വര്‍ഷത്തെ പതിവ് രീതി അവസാനിപ്പിച്ച് അസം നിയമസഭ

വെള്ളിയാഴ്ച നിസ്‌കാരത്തിന് ഇനി ഇടവേളയില്ല; 90 വര്‍ഷത്തെ പതിവ് രീതി അവസാനിപ്പിച്ച് അസം നിയമസഭ

ഗുവാഹട്ടി: വെള്ളിയാഴ്ചകളിലെ നിസ്‌കാര ഇടവേള അസം നിയമസഭ അവസാനിപ്പിച്ചു. മുസ്ലിം അംഗങ്ങള്‍ക്ക് നിസ്‌കരിക്കുന്നതിന് സമയം നല്‍കുന്നതിനാണ് വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ ഇടവേള നല്‍കി വന്നിരുന്നത്.

ഇത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ സഭാ സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ കഴിഞ്ഞ 90 വര്‍ഷമായി തുടര്‍ന്നു വരുന്ന പതിവ് രീതിയാണ് അവസാനിച്ചത്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 9.30 നാണ് നിയമസഭ ആരംഭിക്കുക. എന്നാല്‍ വെള്ളിയാഴ്ച ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്തിരുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും രാവിലെ 9.30 നായിരിക്കും നിയമസഭ ചേരുക.

ഇടവേള നല്‍കുന്നത് നിര്‍ത്താന്‍ സ്പീക്കര്‍ ബിശ്വജിത് ഡൈമറി അധ്യക്ഷനായ റൂള്‍സ് കമ്മിറ്റി നിയമ സഭയുടെ നടപടിക്രമ നിയമങ്ങള്‍ ഭേദഗതി ചെയ്തതിരുന്നു. ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനത്തില്‍ എഐയുഡിഎഫ് എംഎല്‍എ റഫീഖുല്‍ ഇസ്ലാം എതിര്‍പ്പ് അറിയിച്ചു. നിയമസഭയില്‍ 30 മുസ്ലീം എംഎല്‍എമാരുണ്ട്. നിയമസഭയ്ക്ക് സമീപത്ത് തന്നെ നിസ്‌കാരം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദേബബ്രത സൈകിയ പറഞ്ഞു.

ബ്രിട്ടീഷ് ഇന്ത്യയില്‍ അസമിന്റെ പ്രധാനമന്ത്രിയായിരുന്ന സര്‍ സയ്യിദ് മുഹമ്മദ് സാദുല്ലയാണ് 1937 ല്‍ വെള്ളിയാഴ്ചകളില്‍ നിസ്‌കരിക്കാന്‍ രണ്ട് മണിക്കൂര്‍ ഇടവേള കൊണ്ടു വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.