ചണ്ഡീഗഡ്: പഞ്ചാബില്‍ ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലെ ഭഗവന്ത് മന്‍ മന്ത്രി സഭയിലാണ് രസകരമായ സംഭവം. 21 മാസമാണ് പഞ്ചാബ് സര്‍ക്കാരില്‍ കുല്‍ദീപ് സിങ് ധലിവാള്‍ ഇല്ലാത്ത വകുപ്പില്‍ മന്ത്രിയായിരുന്നത്.
ഭരണ പരിഷ്‌കാര വകുപ്പായിരുന്നു കുല്‍ദീപ് സിങ് വഹിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലാണ് ഭരണ പരിഷ്‌കാര വകുപ്പ് എന്നൊരു വകുപ്പ് പോലും നിലവിലുണ്ടായിരുന്നില്ലെന്ന് പറയുന്നത്.
കുല്‍ദീപ് സിങ് ധലിവാളിന് എന്‍ആര്‍ഐ അഫയേഴ്‌സ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത് എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഭരണ പരിഷ്‌കാര വകുപ്പിനായി ഉദ്യോഗസ്ഥരില്ല. ഒരു യോഗം പോലും വകുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുമില്ല. എന്നിട്ടും കുല്‍ദീപ് സിങ് ധലിവാള്‍ 21 മാസം വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചു.
2023 ലെ മന്ത്രിസഭാ പുനസംഘടനയില്‍ കുല്‍ദീപ് സിങില്‍ നിന്നും കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് എടുത്തു മാറ്റിയിരുന്നു. എന്നാല്‍ എന്‍ആര്‍ഐ ക്ഷേമ വകുപ്പ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. പഞ്ചാബില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് കൂടിയാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. ഭഗവന്ത് മന്‍ നയിക്കുന്ന എഎപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പുതിയ തെളിവാണിതെന്ന് ബിജെപി ആരോപിച്ചു.
നിലവിലില്ലാത്ത ഒരു വകുപ്പിന് ഒരു മന്ത്രിയെ നിയമിക്കുക എന്നത് സര്‍ക്കാരിന്റെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്ന് പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ പറഞ്ഞു. വകുപ്പ് അനുവദിച്ചവര്‍ക്കും അതിന്റെ ചുമതല വഹിച്ചവര്‍ക്കും ഇത്തരത്തില്‍ ഒരു വകുപ്പ് നിലവില്ലേ എന്നുപോലും ബോധ്യമില്ലായിരുന്നു എന്നും അദേഹം പരിഹസിച്ചു.
'എഎപി പഞ്ചാബ് സ്‌റ്റൈല്‍' എന്നായിരുന്നു ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ സംഭവത്തെകുറിച്ച് പ്രതികരിച്ചത്. മന്ത്രിക്ക് വകുപ്പുകളെ കുറിച്ച് പോലും അറിയില്ല, ഡല്‍ഹിയില്‍ നിന്ന് റിമോട്ടില്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാണ് പഞ്ചാബിലേത് എന്നും അവര്‍ പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.