കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-1)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-1)

മല്ലപ്പള്ളിചിറയോരത്തുള്ള താലൂക്കാശുപത്രി-
യുടെ മുറ്റത്തെന്നും ജനങ്ങൾ നിറയുവാൻ...,
അധികം സമയം എടുക്കാറില്ല.!
കയ്യിൽ കറുത്തസഞ്ചിയേന്തി,
കിതപ്പോടെ നിസ്വാർ- ത്ഥസേവനത്തിനായി,
കയറ്റം കയറി വരുന്ന മുഖ്യവൈദ്യരുടെ
തല കാണുമ്പോഴേ, തിക്കും തിരക്കുമേറും.!
കഴുത്തിൽ അണിഞ്ഞിട്ടുള്ള ഹൃദയസ്പന്ദനം
കേൾക്കുവാനുള്ള കുഴൽ കണ്ടാലുടനേ...,
പാറൂട്ടിയമ്മൂമ്മേടെ 'വിമ്മിട്ടം',
ചെറുപുഞ്ചിരിയോടെ പുന്നവേലിക്കു പായും.!
കുറുക്കൻകുന്നിലെ നേരപ്പണിയും,
മയക്കവും കഴിഞ്ഞ്, ചിറേലെ വർക്കിച്ചേട്ടൻ്റെ 'പഞ്ച-
നക്ഷത്ര' ചായക്കടയിൽ, 'നാലുമണി-
ചായ- കുടി-കടിക്കൂട്ടക്കാർ', കുന്നിറങ്ങി വരും.!
ഉഴുന്നു/പരിപ്പുവടകളും, ബോണ്ടയും പങ്കിടും.!
ജോലിയൂഴം കഴിഞ്ഞ്, കൂടണയാൻ
വെമ്പുന്ന ആയമാരുടെ 'ചായ-കുടി-കടിക്കൂട്ട'ത്തിലും..,
പരദൂഷണ സംപ്രേഷണം അനർഗ്ഗളം തുടരും.!
പരദൂഷണ-സംയുക്തസഭക്കു ''പത്മരാഗിണി",
'കശപിശ-പൂത്തിരി' കത്തിച്ച്, സ്വാഗതമരുളി.!
കറുകച്ചാൽ ചന്തയിലെ കച്ചവടം കഴിഞ്ഞ്..,
തടിയൂരേക്കുള്ള കുഞ്ഞുണ്ണിയാശാൻ്റെ 'കാള-
വണ്ടി'.., വർക്കിച്ചേട്ടൻ്റെ കടയോരം നിർത്തി.!
തെന്നിതെറിച്ചുവന്ന കരിവണ്ടു പറന്നകന്നു..!
'വർക്കിച്ചോ., രണ്ടു ചായേം നാലഞ്ചു കടിയും.'
'കുഞ്ഞുരാമനും ചന്തയ്കു വന്നിട്ടൊണ്ടോ?'
നാടും, നാട്ടാരേം പരിചയപ്പെട്ടിരിക്കട്ടെന്നേ..'
'എപ്പോഴാ ഒരത്യാവശ്യമെന്ന് ആരറിഞ്ഞു..?'
'കുഞ്ഞിക്കാറ്റേ, വഴിയോരമാ..; ഒഴിഞ്ഞു നീ
നിൽക്കണേ; ആനവണ്ടി വന്നാൽ തട്ടും..'
'തിരുമ്മിനോട് രാമന് താൽപ്പര്യം ഒട്ടുമില്ല..'
'തടിയൂരങ്ങാടിയോടു ചേർന്നുള്ള തിരുമ്മാല-
യത്തിൽ, 'കട്ടുറുമ്പു പറമ്പെന്ന്' അറിയുന്ന
നീളൻ തിരുമ്മുശാലയുടെ ഉച്ചകോടിയിലൂടെ,
അരുണോദയാസ്തമനനങ്ങൾ കടന്നുപോയി.
തിരുമ്മാലയത്തിൻ്റെ മൊത്തം നടത്തിപ്പു
ചുമതല, ആശാൻ്റെ ഏകമകൾ.,
'ലേശം' ചട്ടുള്ളനാരായണി'ക്കും,
ഭാര്യ 'ഉടങ്കൊല്ലി നങ്ങേലിക്കും' ആണ്.!
ആശാനു 'ജാതകദോഷം' തുടങ്ങുകയായി..!
അങ്ങാടിമരുന്നുകൾ സംഘടിപ്പിക്കുന്ന ജോലി,
ആശാൻ നേർച്ചപോലെ തുടരുന്നു.
അങ്ങാടിമരുന്നുകൾ, കിട്ടാകനിയായി.!
ചുറ്റുവട്ടത്തെ കുന്നുകൾ അരിച്ചുപെറുക്കി.!
പലപ്പോഴും ശുനകൻ ചന്തക്കുപോയ പ്രതീതി.!
അത്യാവശ്യം കുറുന്തോട്ടിയും,
പച്ചകർപ്പൂരവൂം, തുളസ്സീം മറ്റും,
നങ്ങേലി പറമ്പിൽ കിളിപ്പിച്ചു.!
ഒരുനാളന്തിക്ക്., പച്ചമരുന്നുകൾ തേടുന്നേരം,
നാഗദംശനമേറ്റ് ആശാൻ കാലഹരണപ്പട്ടു..!
കാറ്റുരാമൻ, കാളവണ്ടി സേവനം തുടർന്നു.!!
തള്ളേം-മോളും, ചട്ടുകംകൊണ്ടുള്ള മൂന്നാം-
മുറയെന്നും രാമൻ്റെ നേരേ, നിർദ്ദയം പായിച്ചു.!
തള്ളക്കും മകൾക്കും,കൂട്ടായരക്ഷാകർതൃത്വം,
ഉള്ളതായ 'കിങ്ങിണി' ആടിനെ കഞ്ഞുരാമൻ,
വെളുപ്പിനേ നാടുകടത്തി; വെണ്ണിക്കുളം ചന്ത-
യിൽ വിറ്റു; 'ഇപ്പോൾ ഇത്രേം; ബാക്കി പിന്നെ..!'
'മല്ലപ്പള്ളി'ലെ വർക്കിച്ചേട്ടൻ്റെ ചായക്കട
ലക്ഷ്യമാക്കി, കുഞ്ഞുരാമൻ മെല്ലെ നടന്നു..!
തടിയൂരങ്ങാടിയിൽ, കൊത്തുകല്ലിൻ്റെ നട-
ത്തിപ്പുള്ള പരമേശ്വരകുറുപ്പ്.... 'വേലത്തി-
നങ്ങേലിയുടെ' ഏകമകളെ റാഞ്ചിയതാണെ-
ന്നാണ്, തടിയൂർകവലയിലെ ആൽമരത്തിൽ
കൂടുകൂട്ടിയിട്ടുള്ള പറവകളുടെ ചൊല്ല്...!
ഒരു ചന്തദിവസം, അമ്മികല്ലുകൾ, വല്ലം കുട്ട-
യിൽ തലയിലേന്തി, മുക്കിയും മൂളിയും....
പരമേശ്വരൻ കയറ്റം കയറുമ്പോൾ, ആരോ
കൈതട്ടി വിളിച്ചതുപോലെ ഒരു തോന്നൽ....;
'കാലത്തേ കൈനീട്ടം ഒത്തല്ലോ ഭഗവാനേ...!'
'കട്ടപ്പന ദേവീ.., അമ്മിക്കല്ലു തുലാഭാരം.....?'
അറം പറ്റി..; അയാൾ പറഞ്ഞു തീരുംമുമ്പേ..,
വല്ലംകുട്ടയുടെ സമതുലനാവസ്ഥ തെറ്റി.; വില്ലു-
പോലെ കുറുപ്പിൻ്റാകാരവും; 'ഗിയർ' പൊട്ടി..!
അമ്മികല്ലുകൾ., പാദങ്ങളെ തടവി മുത്തമിട്ടു.!
"രണ്ടാഴ്ച ഉഴിച്ചിലും, കിഴികുത്തും വേണം..!''
"ഉമ്മറത്ത് കൂടിക്കോണം.; ചിലവും ചെയ്യണം.."
പരമുമനസ്സിൽ, ചട്ടുകാലിക്കു തുലാഭാരം...!
ചട്ടുള്ള 'കുളക്കോഴി'രൂപിയോടൊപ്പം, മൂന്നു-
മാസം പൊറുത്തിട്ടു, പരമേശ്വരൻ..., 'മുങ്ങീ-
മുങ്ങിയില്ലാ'ന്നായപ്പോൾ.."നിൽക്കവി-ഡെ.."
'നങ്ങേലി-നാരായണിമാർ' വട്ടം പിടിച്ചുളുക്കി.!
'എടോ..പരമനാറീ...ഒന്നു നിന്നേ..' നാട്ടുകാരുടെ
ആക്രോശത്തിനിടയിൽ, തടിയൂരങ്ങാടിയിലെ
ആൽത്തറ മണ്ഡപമായി; കുരുവികൾ മേള-മിട്ടു;
പിറുപിറുപ്പിൻ്റെ താലിമാല.., 'മംഗല്യ-പൂത്തിരിയായി'
പൂത്തിറങ്ങി..! അരീക്കുഴി വെള്ളച്ചാട്ടം,
വെള്ളമണിമുത്തുകൾ തൂകുന്നു.!
'ഏതോ വലിയ ആപത്തു വരാനിരുന്നതാ...?'
'ഇതിനേക്കാൾ എന്തോന്നു വലിയ ആപത്ത്.?'
'ഇവിടെ കൂടിക്കോ; ഉഴിച്ചിൽ പഠിപ്പിക്കാം..?'
തിരുമ്മാലയിലേ, അനുരാഗകരിമ്പിൻ തോട്ട-
ത്തിൽ, 'ചട്ടുകാലിനാരായണി' പ്രസവിച്ചു..!

------------------------ ( തു ട രും )----------------------


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.