ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം

 ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന് ഇന്ന് തുടക്കം. എല്‍ഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിന് മുന്നിലാണ് സമരം.

രാവിലെ ഒമ്പതോടെ കേരളാഹൗസില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തും. അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, സിപിഐ നേതാവ് ആനിരാജ തുടങ്ങിയവര്‍ സംസാരിക്കും. എല്‍ഡിഎഫ് എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക് എംപിമാര്‍ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരന്തമേഖലയില്‍ നിന്നുള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് വൊളന്റിയര്‍മാര്‍ സമരത്തില്‍ പങ്കാളികളാകും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവന്ന് ജനങ്ങളെ സംരക്ഷിക്കുക, വയനാട്ടിലെ രാത്രി ഗതാഗത വിലക്കുകള്‍ നീക്കുക, വയനാട്-നഞ്ചന്‍കോട്, തലശേരി-മൈസൂരു റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക, വനം റവന്യു വകുപ്പ് സംയുക്ത സര്‍വേ പൂര്‍ത്തിയാക്കി തദ്ദേശവാസികള്‍ക്ക് രേഖകള്‍ കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.