കൊലപാതകങ്ങള്‍ 10:30 നും നാലിനും ഇടയില്‍; കൂട്ടക്കൊലയ്ക്ക് കാരണം പണം നല്‍കാത്തതിലുള്ള വൈരാഗ്യം, ലഹരിമരുന്നിന് വേണ്ടിയോയെന്ന് സംശയം?

കൊലപാതകങ്ങള്‍ 10:30 നും നാലിനും ഇടയില്‍;  കൂട്ടക്കൊലയ്ക്ക് കാരണം പണം നല്‍കാത്തതിലുള്ള വൈരാഗ്യം, ലഹരിമരുന്നിന് വേണ്ടിയോയെന്ന് സംശയം?

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് മുന്‍പ് പ്രതി അമ്മയോടും വല്യമ്മയോടും പണം ആവശ്യപ്പെട്ടിരുന്നു. പണം ഉപയോഗിച്ചത് ലഹരിമരുന്നിന് വേണ്ടിയാണോ എന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫാന്റെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് താമസിക്കുന്ന പിതാവിന്റെ അമ്മയോട് പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കിയതായും പൊലീസ് പറയുന്നു. വെഞ്ഞാറമൂട്ടിലെത്തി ഇത് പണയം വച്ചു. ഈ പണം ഉപയോഗിച്ച് ബൈക്കില്‍ പെട്രോള്‍ അടിച്ചുവെന്നാണ് വിവരം.

കൊലപാതകങ്ങള്‍ എല്ലാം രാവിലെ 10:30നും വൈകുന്നേരം നാലിനും ഇടയിലാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ 10.30ന് പേരുമലയിലെ വീട്ടില്‍ വച്ച് അമ്മ ഷമിയെ കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. ഉച്ചയ്ക്ക് 1:15 നാണ് മുത്തശി സല്‍മാബീവിയെ കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകുന്നേരം 4:30ന് ആണ്.

അതിനിടെ ഉച്ചയ്ക്ക് മൂന്നിനാണ് പിതൃസഹോദരന്‍ ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകുന്നേരം നാലിന് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം ആറോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.