മംഗലപ്പുഴ, വടവാതൂര്‍, കുന്നോത്ത് സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

മംഗലപ്പുഴ, വടവാതൂര്‍, കുന്നോത്ത് സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ കേരളത്തിലെ മൂന്ന് സിനഡല്‍ മേജര്‍ സെമിനാരികളില്‍ പുതിയ റെക്ടര്‍മാരെ നിയമിച്ചു.

മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരെയാണ് നിയമിച്ചത്.

2024 ഓഗസ്റ്റില്‍ നടന്ന സിനഡ് മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയമാണ് നിയമിച്ചത്. പൊന്തിഫിക്കല്‍ സെമിനാരിയായതിനാലാണ് സിനഡ് തിരഞ്ഞെടുക്കുന്ന വൈദികനെ വത്തിക്കാനില്‍ നിന്ന് നിയമിക്കുന്നത്.

വടവാതൂര്‍, കുന്നോത്ത് മേജര്‍ സെമിനാരികളുടെ റെക്ടര്‍മാരായി 2025 ജനുവരിയില്‍ നടന്ന സിനഡ് തിരഞ്ഞെടുത്ത ഫാ. ഡൊമിനിക്, ഫാ. മാത്യു എന്നിവരെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ കോതമംഗലം രൂപതാംഗമാണ്. പോത്താനിക്കാട് പുല്‍പ്രയില്‍ പരേതനായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. സ്റ്റാന്‍ലി 1992 ഡിസംബര്‍ 28 ന് പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയ അദേഹം കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടര്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലാണ് നിയമന പ്രഖ്യാപനം നടത്തിയത്.

വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. ഡൊമിനിക് വെച്ചൂര്‍ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂര്‍ തോമസ്-ത്രേസ്യായാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കല്‍ സ്ഥാപനങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായി സേവനം ചെയ്തു വരവേയാണ് റെക്ടറായി അദേഹം നിയമിതനായിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലാണ് നിയമന പ്രഖ്യാപനം നടത്തിയത്.

കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ റവ. ഫാ. മാത്യു പട്ടമന തലശേരി അതിരൂപതാംഗമാണ്. കരിക്കോട്ടക്കരി പട്ടമന പരേതനായ തോമസ്-ത്രേസ്യ ദമ്പതികളുടെ മകനായ അദേഹം 1994 ഏപ്രില്‍ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തലശേരി മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും വിവിധ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. മാത്യു 16 വര്‍ഷമായി കുന്നോത്ത് സെമിനാരിയില്‍ അധ്യാപകനാണ്.

മേജര്‍ സെമിനാരി വൈസ് റെക്ടര്‍, പ്രൊക്യുറേറ്റര്‍ തസ്തികകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് നിയമന പ്രഖ്യാപനം നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.