മകന്റെ കൊടുംക്രൂരത കേട്ട് ഞെട്ടി പ്രവാസിയായ റഹീം; അഫാന്‍ ലഹരി ഉപയോഗിച്ചതായി പൊലീസിന്റെ കണ്ടെത്തല്‍

മകന്റെ കൊടുംക്രൂരത  കേട്ട് ഞെട്ടി പ്രവാസിയായ റഹീം; അഫാന്‍ ലഹരി ഉപയോഗിച്ചതായി പൊലീസിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: മകന്‍ ചെയ്ത കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ അഫാന്റെ പിതാവ് റഹീം. സൗദി അറേഭ്യയിലെ ദമാമിലാണ് അദേഹം ജോലി ചെയ്യുന്നത്.

അഫാന്‍ കാണിച്ച കൊടുംക്രൂരത കേട്ട് അദേഹം വിതുമ്പി. മകന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നൊക്കെയാണ് പറയുന്നത്. എത്രയും പെട്ടെന്ന് നാട്ടില്‍ എത്താനാണ് ശ്രമിക്കുന്നതെന്നും റഹീം പറഞ്ഞു.

ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ് ഇപ്പോള്‍ റഹീം. രണ്ടര വര്‍ഷമായി അദേഹം നാട്ടിലെത്തിയിട്ട്. ഗള്‍ഫില്‍ പണിയെടുത്ത് നാട്ടിലെ കടങ്ങള്‍ തീര്‍ത്ത് പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ഞെട്ടിപ്പിച്ച വാര്‍ത്ത നാട്ടില്‍ നിന്നെത്തുന്നത്.

അതിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നില പരിശോധിക്കും.

മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

അഫാന്‍ പിതൃ സഹോദരന്‍ ലത്തീഫിനെ 20 ഓളം പ്രാവശ്യം അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫാന്റെ വീട്ടിലെത്തിയത്.

കുടംബത്തില്‍ എന്ത് പ്രശ്‌നം വന്നാലും സംസാരിക്കുന്നത് ലത്തീഫിന്റെ സാന്നിധ്യത്തിലാണ്. ലത്തീഫ് ഇടനിലയ്ക്ക് വന്നതില്‍ അഫാന് ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.