ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തി ശശി തരൂര്‍ എംപി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം കടുത്തതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്.
മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനില്‍ വെള്ളിയാഴ്ച കേരള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും. അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് സൂചന.
സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അദേഹത്തിന്റെ അടുത്ത അനുയായികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തരൂര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തു വന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചു. ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സിനും ഒപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചത്.
ഇന്ത്യ-യു.കെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പീയുഷ് ഗോയലും ജോനാഥന്‍ റെയ്നോള്‍ഡ്‌സും ഉള്‍പ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസിനുള്ളില്‍ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി.
'ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനൊപ്പം ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ദീര്‍ഘകാലമായി സ്തംഭിച്ചു കിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്'- ചിത്രം പങ്കുവച്ച് തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിയിലെ തന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനോടുള്ള അതൃപ്തി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദേഹം ബിജെപി മന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.