ആദ്യ മൂന്ന് കൊലപാതകത്തിന് ശേഷം ബാറിലേക്ക്; മദ്യപാനം കഴിഞ്ഞ് രണ്ട് പേരെക്കൂടി വകവരുത്തി: അഫാന്റേത് ഞെട്ടിക്കുന്ന മനോനിലയെന്ന് പൊലീസ്

ആദ്യ മൂന്ന് കൊലപാതകത്തിന് ശേഷം ബാറിലേക്ക്; മദ്യപാനം കഴിഞ്ഞ് രണ്ട് പേരെക്കൂടി വകവരുത്തി: അഫാന്റേത്  ഞെട്ടിക്കുന്ന  മനോനിലയെന്ന് പൊലീസ്

തിരുവനന്തപുരം: ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായി വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നു പറച്ചിലില്‍. കൂട്ടക്കൊലയ്ക്കിടെ ബാറില്‍ പോയി മദ്യപിക്കുന്നത് ഞെട്ടല്‍ ഉണ്ടാക്കുന്ന മനോനിലയാണെന്ന് പൊലീസ് പറഞ്ഞു.

ബാറിലെ മദ്യപാനത്തിന് ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. ബന്ധുക്കള്‍ അടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാന്റെ പ്രത്യേക തരം മനോനില പൊലീസിനെ കുഴയ്ക്കുകയാണ്.

ഇത്രയും മണിക്കൂറുകളുടെ ഇടവേളകളില്‍ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറില്‍ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും അരും കൊലകള്‍ നടത്തുകയും ചെയ്യുന്ന രീതി മുന്‍പ് കേട്ടിട്ടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പേരുമല ആര്‍ച്ച് ജംഗ്ഷനിലെ സ്വന്തം വീട്ടില്‍ വച്ച് അമ്മ ഷമിയെയാണ് അഫാന്‍ ആദ്യം തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്നു കരുതി വീടു പൂട്ടി പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാ ബീവിയുടെ അടുത്തേക്ക് പോയി.

പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് മുത്തശി താമസിക്കുന്ന വീട്. അവിടെയെത്തി ഏഴു മിനിറ്റുള്ളില്‍ മുത്തശിയെ കൊലപ്പെടുത്തി പുറത്തിറങ്ങി. വീട്ടിലേക്ക് അഫാന്‍ എത്തുന്ന ദൃശ്യങ്ങള്‍ പരിസരത്തെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു.

പേരുമലയിലെ വീട്ടില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ പുല്ലമ്പാറ എസ്.എന്‍ പുരത്ത് താമസിക്കുന്ന പിതൃ സഹോദരന്‍ ലത്തീഫിനെയും അദേഹത്തിന്റെ ഭാര്യ സജിത ബീവിയെയും പിന്നാലെ കൊലപ്പെടുത്തി. അതിന് ശേഷമാണ് പ്രതി വെഞ്ഞാറമൂട്ടിലെ ഒരു ബാറില്‍ കയറി മദ്യപിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സഹോദരന്‍ അഫ്സാന്‍ ഉച്ചവരെ പരീക്ഷയ്ക്കായി സ്‌കൂളിലായിരുന്നു. മൂന്നു മണിയോടെ സ്‌കൂളില്‍ നിന്ന് എത്തിയ അഫ്സാനെ കുഴിമന്തി വാങ്ങിക്കാനായി ഓട്ടോ റിക്ഷയില്‍ വെഞ്ഞാറമൂട്ടിലെ കടയിലേക്ക് അയച്ചു.

ഇതിനിടെ മുക്കുന്നൂര്‍ പുതൂരില്‍ താമസിക്കുന്ന സുഹൃത്ത് ഫര്‍സാനയുടെ വീട്ടിലെത്തി അവരെ ഒപ്പം കൂട്ടി. പിന്നീട് മൂന്നു പേരുമായി പേരുമലയിലെ വീട്ടിലെത്തി.വൈകിട്ട് ആറ് മണിക്ക് മുന്‍പായി അവരെയും കൊലപ്പെടുത്തി.

സാധാരണ ഗതിയില്‍ കൂട്ടക്കൊല നടത്തുന്ന പ്രതികള്‍ എത്രയും വേഗം ഒളിവില്‍ പോവുകയോ അല്ലെങ്കില്‍ കീഴടങ്ങുകയോ ചെയ്യും. ഇത്രയും നീണ്ട സമയമെടുത്ത് ഒരു പരിഭ്രമവും ഇല്ലാതെ അടുത്ത ബന്ധുക്കളുടെ കൊലപ്പെടുത്തുന്നതും പിന്നീട് പരിചയക്കാരോട് സാധാരണ പോലെ ഇടപഴകുന്നതും മുന്‍പ് അധികം കണ്ടിട്ടില്ലാത്ത രീതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊലപാതകങ്ങള്‍ക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാനെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. ആവശ്യമെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെ സേവനവും പൊലീസ് തേടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.