ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മോശം എയര്‍ ലൈനുള്ള ഓസ്‌കാര്‍ അവാര്‍ഡ് എയര്‍ ഇന്ത്യക്ക് തന്നെയെന്ന ബിജെപി നേതാവിന്റെ വാക്കുകള്‍ക്ക് പിന്നാലെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ. ബിജെപി നേതാവും വക്താവുമായ ജൈവീര്‍ ഷെര്‍ഗിലാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയത്. സ്വകാര്യ പൈലറ്റ് ലൈസന്‍സുള്ള സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് ജൈവീര്‍ ഷെര്‍ഗില്‍.
ഏറ്റവും മോശം എയര്‍ലൈനുകള്‍ക്ക് നല്‍കുന്ന ഒരു ഓസ്‌കാര്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലും എയര്‍ ഇന്ത്യ അത് സ്വന്തമാക്കിയേനെ. തകര്‍ന്ന സീറ്റുകള്‍, മോശം സ്റ്റാഫ്, ദയനീയമായ 'ഓണ്‍ ഗ്രൗണ്ട്' സപ്പോര്‍ട്ട് സ്റ്റാഫ്, കൂക്കി വിളിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ്.
എയര്‍ ഇന്ത്യയില്‍ പറക്കുന്നത് സുഖകരമായ അനുഭവമല്ല, പക്ഷേ, ഇന്ന് എല്ലാ റെക്കോര്‍ഡുകളും അത് തകര്‍ത്തു. നിരാശനായ ജൈവീര്‍ ഷെര്‍ഗില്‍ തന്റെ എക്‌സ് അക്കൌണ്ടില്‍ കുറിച്ചു. ഏതാനും ദിവസം മുമ്പ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, എയര്‍ ഇന്ത്യയിലെ പൊട്ടിയ സീറ്റുകളെ കുറിച്ച് പരാതി പറഞ്ഞതിന് പിന്നാലെയാണ് ജൈവീര്‍ ഷെര്‍ഗിലിന്റെ വിമര്‍ശനം.
എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍ എഐ 436 ല്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, എനിക്ക് സീറ്റ് നമ്പര്‍ എട്ട് സിയായിരുന്നു അനുവദിച്ചത്. ഞാന്‍ സീറ്റില്‍ ഇരുന്നു, സീറ്റ് തകര്‍ന്ന് കുഴിഞ്ഞ് പോയി.
സീറ്റ് മോശമാണെങ്കില്‍ എന്തിനാണ് എനിക്ക് സീറ്റ് അനുവദിച്ചതെന്ന് ഞാന്‍ ജീവനക്കാരോട് ചോദിച്ചപ്പോള്‍, ഈ സീറ്റ് നല്ലതല്ലെന്നും അതിന്റെ ടിക്കറ്റ് വില്‍ക്കരുതെന്നും മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്നായിരുന്നു അവരുടെ മറുപടിയെന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
പരാതി വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ചും ടിക്കറ്റ് വിവരങ്ങള്‍ ഡിഎമ്മുമായി പങ്കിടാനും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ ജൈവീര്‍ ഷെര്‍ഗിലിന് കുറിപ്പെഴുതി. എന്നാല്‍ സാധാരണക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ദിവസവും അനുഭവിക്കുകയാണെന്നും അതിന് എന്തെങ്കിലും ശാശ്വത പരിഹാരം കണാന്‍ കഴിയുമോയെന്നുമാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരുടെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.