മെക്സിക്കോ സിറ്റി: വിഖ്യാത നടന്‍ ജീന്‍ ഹക്ക്മാന്‍, ഭാര്യ പിയാനിസ്റ്റ് ബെറ്റ്സി അരക്കാവ എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ സാന്റ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും വളര്‍ത്തു നായയ്‌ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് തവണ ഓസ്‌കാര്‍ നേടിയ ഹക്ക്മാന് 95 വയസും അരക്കാവയ്ക്ക് 63 വയസുമായിരുന്നു. മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് സാന്റ ഫെ കൗണ്ടി ഷെരീഫ് അദാന്‍ മോന്റോസ പറഞ്ഞു. മരണത്തിന്റെ യഥാര്‍ത്ഥ കാരണവും സമയവും പുറത്തു വിട്ടിട്ടില്ല.
യുജീന്‍ അല്ലന്‍ ഹക്ക്മാന്‍ എന്ന ജീന്‍ ഹക്ക്മാന്‍ 1930 ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലാണ് ജനിച്ചത്. 16 വയസ് മുതല്‍ മൂന്ന് വര്‍ഷം നാവിക സേനയില്‍ പ്രവര്‍ത്തിച്ചു. 1967 ല്‍ പുറത്തിറങ്ങിയ ബോണി ആന്റ് ക്‌ളൈഡ് എന്ന സിനിമയിലെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പട്ടത്. 1968 ല്‍ ഇന്‍സെന്‍ഡിയറി എന്ന സിനിമയിലൂടെ ആദ്യത്തെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു.
1970 ല്‍ ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍ എന്ന സിനിമയിലെ കഥാപാത്രത്തിനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. 1972 ല്‍ ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയാണ് താരത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടികൊടുത്തത്. 1993 ല്‍ അണ്‍ഫോര്‍ഗീവണ്‍ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ഓസ്‌കാറും സ്വന്തമാക്കി. 2004 ല്‍ സിനിമാലോകത്ത് നിന്ന് വിരമിച്ചു.
സൂപ്പര്‍മാന്‍, ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫോര്‍ഗീവണ്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍ എവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകള്‍. പേ ബാക്ക് അറ്റ് മോര്‍ണിങ് പീക്ക്, പര്‍സ്യൂട്ട് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി അണ്‍നോണ്‍ ഫ്‌ളാഗ് റെയ്സര്‍ ഓഫ് ഇവോ ജിം, വീ ദി മറൈന്‍സ് എന്നീ സിനിമകളുടെ ആഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.