മതവിദ്വേഷ പരാമര്‍ശ കേസ്: പി.സി ജോര്‍ജിന് ജാമ്യം

മതവിദ്വേഷ പരാമര്‍ശ കേസ്: പി.സി ജോര്‍ജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വിശദമായ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും ജാമ്യ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതി ഭാഗവും വാദിച്ചു.

ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. നിലവില്‍ റിമാന്‍ഡിലുള്ള ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കേസില്‍ ഇക്കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജ് കീഴടങ്ങിയത്. പൊലീസ് നീക്കങ്ങളെ മറികടന്ന് ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി.സി ജോര്‍ജ് കോടതിയില്‍ എത്തിയത്.

കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു വിവരം. പി.സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം.

ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പി.സി ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. എന്നാല്‍ ഉച്ചവരെ സാവകാശം തേടി പി.സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സാവകാശം തേടിയത്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി.സി ജോര്‍ജ് അന്ന് സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി.

തുടര്‍ന്നാണ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ ജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സിയുടെ വാദം. എന്നാല്‍ പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.