'അവര്‍ ഒന്നായി നിലകൊള്ളുന്നു; ടീം കേരള'; ശശി തരൂര്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

'അവര്‍ ഒന്നായി നിലകൊള്ളുന്നു; ടീം കേരള'; ശശി തരൂര്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ലേഖനം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ വ്യത്യസ്തമായ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് നില്‍ക്കുന്നതിന്റെ ചിത്രമാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

'മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താല്‍ അവര്‍ ഒന്നായി നിലകൊള്ളുന്നു, ടീം കേരള' എന്ന കുറിപ്പോടെ രാഹുല്‍ ചിത്രം പങ്കു വച്ച ചിത്രത്തില്‍ ശശി തരൂരുമുണ്ട്.

കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയുമുള്ള തരൂരിന്റെ ലേഖനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങില്‍ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ 'ചേഞ്ചിംഗ് കേരള; ലംബറിങ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.

സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നത്.

പിന്നാലെ തരൂരിലെ വിമര്‍ശിച്ച് വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി.

തുടര്‍ന്ന് തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.