'ഈ നില തുടര്‍ന്നാല്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാം': കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കനുഗൊലുവിന്റെ സര്‍വേ റിപ്പോര്‍ട്ട്

'ഈ നില തുടര്‍ന്നാല്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാം': കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കനുഗൊലുവിന്റെ സര്‍വേ റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവിന്റെ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാമത്തെ പരാജയത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2016 ലെയും 2021 ലെയും തോല്‍വിക്ക് പിന്നാലെ അധികാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് സര്‍വേ ഞെട്ടലുളവാക്കിയിട്ടുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളും പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ പാര്‍ട്ടിക്ക് അധപതനം സംഭവിച്ചു കഴിഞ്ഞുവെന്നും കനുഗൊലു സര്‍വേയില്‍ പറയുന്നു.

പൊതുവില്‍ കേരളത്തില്‍ ഭരണ വിരുദ്ധ വികാരമുണ്ട്. പക്ഷേ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍, മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം, ശശി തരൂരിന്റെ സ്റ്റാര്‍ട്ട് അപ്പ് പ്രസ്താവന, ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകളുമെല്ലാം പാര്‍ട്ടിക്കകത്തും യുഡിഎഫിനകത്തും ഐക്യമില്ലെന്ന് തെളിയിക്കുന്നതാണ്.

കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെങ്കില്‍ ആദ്യം വേണ്ടത് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയെന്നുള്ളതാണെന്നും ഈ തിരഞ്ഞെടുപ്പ് തോറ്റാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തകര്‍ച്ചയുണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2026 ലെ കേരളം, അസം തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതലയാണ് കനുഗോലുവിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പിച്ചിരിക്കുന്നത്. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ നടത്തുക എന്നതാണ് കനുഗൊലുവിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ചുമതല.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ക്ക് കനുഗൊലുവും സംഘവും രൂപം നല്‍കും. കനുഗൊലുവിന്റെ ടീമിനു പുറമേ ഏതാനും ഏജന്‍സികളെ കൂടി സര്‍വേക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനമുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സര്‍വേയാണ് മറ്റ് ഏജന്‍സികള്‍ പ്രധാനമായും നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.