ഫോട്ടോ:ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടന്ന നാഷണല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യന്‍, ഡോ. പ്രകാശ് പി തോമസ്, മൗവിന്‍ ഗോഡിന്‍ഹോ, തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ , ഇക്ബാല്‍ സിങ് ലാല്‍പ്പുര, മോറോന്‍ മോര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ഡോ. സസ്മിത് പത്ര എം.പി, ബിഷപ്പ് തിമോത്തി രവീന്ദര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, റവ. ടി. ഓസ്റ്റിന്‍ എന്നിവര്‍ സമീപം.
കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ്. സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും ആത്മീയ സമൂഹത്തിന്റെയും രാഷ്ട്ര പുനര്‍നിര്‍മാണത്തിലുള്ള സംഭാവനകള്‍ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടന്ന നാഷണല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികള്‍ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ ദേശീയതയും ഐക്യവും ശക്തമാക്കുന്നതില്‍ അവര്‍ മുന്‍പന്തിയില്‍ ആണെന്നും ഐക്യത്തിന് വേണ്ടി സഹിക്കുന്ന മുറിവുകള്‍ അനൈക്യത്തിന്റെ സൗധങ്ങളേക്കാള്‍ മഹത്തരം ആണെന്നും ക്രൈസ്തവ സമൂഹം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രത്തിന്റെ ഭാവി കൂടുതല്‍ ശോഭനമാകുമെന്നും അദേഹം ഓര്‍മിപ്പിച്ചു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍ സിങ് ലാല്‍പ്പുര അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗങ്ങളിലെ പ്രധാന സംഭാവനകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റേതാണെന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ ന്യൂനപക്ഷ സമൂഹത്തിലെ ജനങ്ങളുടെ ശതമാനം വര്‍ധിച്ചത് ഭാരതത്തിന്റെ പ്രത്യേകതയാണെന്നും അയല്‍ രാജ്യങ്ങളില്‍ ഇതിന് വിപരീതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ സന്ദേശം നല്‍കി. സൂഷ്മ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് അദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നേരിട്ട് നടപ്പാക്കിയെങ്കില്‍ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കണമെന്നും അത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി ചെയ്യുന്നവര്‍ക്ക് ആയിരിക്കണമെന്നും പേരിന് വേണ്ടി നടത്തുന്ന നിയമനങ്ങള്‍ ഗുണകരമാകില്ലെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.
ദളിത് ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന നീതി നിഷേധം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നും സേവനത്തിന്റെ പാതയില്‍ ചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുവാന്‍ നടപടി ഉണ്ടാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പ്രധാന സന്ദേശം നല്‍കി. നിഖ്യാ വിശ്വാസ പ്രമാണത്തില്‍ അടങ്ങിയ സാര്‍വത്രിക സ്‌നേഹം സഭകള്‍ തമ്മിലുള്ള ഐക്യം ശക്തമാക്കുന്നതിന് കാരണമാകണമെന്നും അത് ദേശീയോദ്ഗ്രഥനത്തിലേക്ക് നയിക്കണമെന്നും ബാവ ഓര്‍മിപ്പിച്ചു.
ഗോവ സംസ്ഥാന വ്യവസായ മന്ത്രി മൗവിന്‍ ഗോഡിന്‍ഹോ, മോറോന്‍ മോര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യന്‍, ബിഷപ്പ് തിമോത്തി രവീന്ദര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ചര്‍ച്ച് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ.സിറില്‍ തോമസ് തയ്യില്‍, ട്രഷറര്‍ ഡോ. സസ്മിത് പത്ര എം.പി എന്നിവര്‍ പ്രസംഗിച്ചു.
ചര്‍ച്ച് ഓഫ് ഇന്ത്യ കോണ്‍ക്ലേവിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.