തിരുവനന്തപുരം: യുഡിഎഫില്‍ ഘടക കക്ഷിയാകുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
പി.സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍ക്കുന്നു എന്നാണ് കാരണം പറയുന്നതെങ്കിലും ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും പി.സിയോട് താല്‍പര്യല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി ജോര്‍ജ് മുന്നണി വിടുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ് നീക്കങ്ങള്‍ നടത്തി. പാര്‍ട്ടിയില്‍ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോര്‍ജ് നല്‍കിയ മറുപടി. ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പിന്നീട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും പരിഗണിയ്ക്കപ്പെട്ടു. പി.സി ജോര്‍ജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും മറ്റും തിരിച്ചടിയാകുമെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഉമ്മന്‍ ചാണ്ടിയാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്.
നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്. മുന്നണിയിലേക്കെത്തിയാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റു കൂടി ബിജെപി വിട്ടുകൊടുത്തേക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
നിയമസഭയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്. പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് മടക്കി കൊണ്ടുവരാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസാണ് ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയില്‍ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്. പാലാ സീറ്റ് ഇത്തവണ എന്‍ഡിഎ പി.സി തോമസിന് നല്‍കിയേക്കും. പി.സി. ജോര്‍ജ് മുന്നണിയിലേക്ക് വന്നാല്‍ പാലായില്‍ വിജയ സാധ്യതയുണ്ടെന്നാണ് പി.സി തോമസിന്റെ വിലയിരുത്തല്‍. അതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.