ആശമാരുടെ ഇന്‍സെന്റീവ്: എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയില്‍ ലാപ്‌സാക്കിയത് 636 കോടി

ആശമാരുടെ ഇന്‍സെന്റീവ്: എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയില്‍ ലാപ്‌സാക്കിയത് 636 കോടി

തിരുവനന്തപുരം: ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളം ഗുരുതര വീഴ്ച വരുത്തി. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് തുടര്‍ന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

ആദ്യം സ്വീകരിച്ച നിലപാട് മയപ്പെടുത്തി തമിഴ്‌നാട് മുഴുവന്‍ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി തുടരുകയായിരുന്നു. ഇതിനിടെ ആശമാര്‍ക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തു വന്നു.

കേരളമാണ് എറ്റവുമധികം ഓണറേറിയം നല്‍കുന്നതെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. എന്‍എച്ച്എം പദ്ധതികള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.

ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാന്‍ഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കമായി. പ്രാഥമികതല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നുള്ളതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

പേര് മാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു കേരളം കൈക്കൊണ്ട നിലപാട്. രാഷ്ട്രീയ നിലപാടായി തന്നെ അത് ഉയര്‍ത്തി കാട്ടുകയും ചെയ്തു. അതിനിടെ ആദ്യഘട്ടത്തില്‍ എതിര്‍ത്ത തമിഴ്‌നാട് ഉള്‍പ്പെടുള്ള സംസ്ഥാനങ്ങള്‍ പിന്നീട് വഴങ്ങി മുഴുവന്‍ തുകയും നേടിയെടുത്തു.

കേരളം ഒടുവില്‍ ബ്രാന്‍ഡിങ് ചട്ടങ്ങള്‍ പാലിച്ചപ്പോഴേക്കും 636 കോടി രൂപ ലാപ്‌സായി. കേന്ദ്രം തുക നല്‍കിയില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കിയെന്നുള്ളതാണ് കേരളത്തിന്റെ അവകാശവാദം. പക്ഷേ പണം ലാപ്‌സാക്കിയതിന്റെ അധിക ബാധ്യതയാണ് ഈ സാമ്പത്തിക വര്‍ഷവും കേരളം നേരിടുന്നത്. പാഴായ തുക ഇനി ലഭിക്കാന്‍ സാധ്യതയില്ല.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എച്ച്എം പദ്ധതികള്‍ക്ക് അനുവദിച്ച 936 കോടിയും കേരളത്തിന് കിട്ടിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാധ്യതകള്‍ ആരോഗ്യ വകുപ്പ് മറി കടക്കുന്നത്. ഇതോടെ പല പദ്ധതികള്‍ക്കും ഈ വര്‍ഷം പണമെടുക്കാനില്ലാത്ത അവസ്ഥയുമുണ്ടായി.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഹോണറേറിയം നല്‍കാനായി പ്രതിവര്‍ഷം 219 കോടി രൂപയോളം വേണം. ഇന്‍സെന്റീവ് ഇനത്തില്‍ 120 കോടിയും വേണം. ഇതിനിടെയാണ് കേരളത്തിലാണ് ഏറ്റവും അധികം ഓണറേറിയമെന്ന ആരോഗ്യ മന്ത്രിയുടെ വാദവും പൊളിയുന്നത്. ഓണറേറിയം 10,000 രൂപയാക്കിയുള്ള സിക്കിം സര്‍ക്കാറിന്റെ 2022 ലെ വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.