സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യല്‍ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യല്‍ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

കൊച്ചി: ആദായ നികുതി വകുപ്പിന് 2026 മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലുകളും പരിശോധിക്കാം. 2026-27 സാമ്പത്തിക വര്‍ഷം മുതലാണ് സുപ്രധാനമായ ഈ മാറ്റം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണിതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

പുതിയ ആദായ നികുതി ബില്‍ അനുസരിച്ച് 2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് സോഷ്യല്‍ മീഡിയ, ഇമെയിലുകള്‍, മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലേക്കും ആക്സസ് ഉണ്ടായിരിക്കും. രേഖകകള്‍ പ്രകാരം സംശയം തോന്നിയാല്‍ അക്കൗണ്ടും ഇമെയിലും അടക്കം പരിശോധിക്കാനും ആവശ്യം വന്നാല്‍ ആസ്തികള്‍ പിടിച്ചെടുക്കാനുമുള്ള അധികാരങ്ങള്‍ ഉണ്ടായിരിക്കും.

അതേസമയം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന നിലയില്‍ വലിയ ആശങ്കകള്‍ക്കും ഇത് വഴിവെച്ചിട്ടുണ്ട്. ജുഡീഷ്യല്‍ മേല്‍നോട്ടം ഇല്ലെങ്കില്‍ പൗരന്‍മാരുടെ അടിസ്ഥാന സ്വകാര്യതാ അവകാശങ്ങളുടെ ലംഘനം കൂടിയായി നടപടി മാറുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

1961 ലെ ആദായനികുതി നിയമം അനുസരിച്ച്, ആദായന ികുതി വെട്ടിച്ചതായി സംശയിക്കുകയോ അല്ലെങ്കില്‍ വെളിപ്പെടുത്താത്ത വരുമാനമുണ്ടെന്ന് സംശയിക്കുകയോ ചെയ്താല്‍ ആദായ നികുതി വകുപ്പിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വ്യക്തിഗത ഇമെയിലുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ നിക്ഷേപ അക്കൗണ്ടുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍ എന്നിവയും പരിശോധിക്കാന്‍ നിയമപരമായ അധികാരം ലഭിക്കും.

നിലവിലെ ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 132 പ്രകാരം ഒരു വ്യക്തിക്ക് വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ രേഖകളോ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനുമൊക്കെ അധികാരമുണ്ട്.

എന്നാല്‍ വെര്‍ച്വല്‍ അസറ്റുകളിലേക്ക് ആക്‌സസ് അനുവദിച്ചിരുന്നില്ല. പുതിയ ആദായനി കുതി ബില്ലിന് കീഴില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിലേക്കും ഇനി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ആക്‌സസ് ലഭിക്കുകയാണ്.

ആദായ നികുതി ബില്ലില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിന്റെ നിര്‍വചനം ശ്രദ്ധേയമാണ്. കൂടാതെ ഒരു വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ട്രേഡിംഗ്, നിക്ഷേപ അക്കൗണ്ടുകള്‍, ഇമെയിലുകള്‍ എന്നിവയെല്ലാം വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിന്റെ നിര്‍വചനത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.