കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടും കുടുംബാംഗങ്ങളേയും നഷ്ടമായ ചൂരല്‍മല സ്വദേശി ഷൈജ പുനരധിവാസ പട്ടികയില്‍ നിന്നു പുറത്ത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടാണ് അവര്‍ക്ക് നഷ്ടമായത്. പുനരധിവസിപ്പിക്കാനുള്ള ആളുകളുടെ മൂന്ന് പട്ടികയിലും ഷൈജയുടെ പേരില്ല.
ദുരന്ത ദിവസം രാത്രി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടില്‍ ഷൈജ താമസിക്കാത്തതിനാലാണ് പട്ടികയില്‍ അവരുടെ പേരില്ലാത്തത് എന്നാണ് അധികൃതര്‍ പറയുന്നത്. വര്‍ഷങ്ങളായി പഞ്ചായത്തില്‍ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണെന്നും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടുവെന്നും ഷൈജ പറയുന്നു. ഒന്നും ഇപ്പോള്‍ ബാക്കിയില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുനരധിവാസ പട്ടികയില്‍ തന്റെ പേരും ഉള്‍പ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്ന് ഷൈജ പറഞ്ഞു.
ചൂരല്‍മല സ്‌കൂള്‍ റോഡിലുള്ള കുടുംബങ്ങളില്‍ ഷൈജയുടെ പേര് മാത്രമാണ് പട്ടികയില്‍ ഇല്ലാത്തത്. ഷൈജയുടെ ഭര്‍ത്താവ് 2005 ല്‍ കടബാധ്യതയെ തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നു. കുട്ടികളുമായി എന്ത് ചെയ്യണമെന്നു അറിയാതെ നിന്ന ഷൈജയെ നാട്ടുകാരാണ് സഹായിച്ചത്. 2009 ല്‍ ആശാ വര്‍ക്കറായി. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായി. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ഒന്‍പത് ബന്ധുക്കളെയാണ് ഷൈജയ്ക്ക് നഷ്ടമായത്.
ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയിലും ദുരന്തത്തില്‍ ഇരയായവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അടക്കമുള്ള സഹായവുമായി ഷൈജ നിന്നിരുന്നു. അവരുടെ അന്നത്തെ സേവനങ്ങളും പ്രശംസ നേടി. കേരള ശ്രീ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിരുന്നു. നിരവധി മറ്റ് അംഗീകാരങ്ങളും ഷൈജയെ തേടിയെത്തി. എന്നാല്‍ പുനരധിവാസ പട്ടികയില്‍ മാത്രം ഇടംനേടാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.