ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതല്‍ 1994 വരെയുള്ള കാലയളവില്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയില്‍ ഇമ്പീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ്. നിരവധി വിവാദ ഉത്തരവുകളുടെ പേരിലും അറിയപ്പെട്ടിരുന്നയാളാണ് ജ. രാമസ്വാമി.
പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിലാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 1993 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്. ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായില്ല.
ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാര്‍ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതു രാമസ്വാമിയായിരുന്നു. ഇതിനായി മദ്രാസില്‍ നിന്ന് ഏഴ് ഇരുമ്പുദണ്ഡുകള്‍ വിമാനത്തില്‍ ചണ്ഡിഗഢില്‍ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാര്‍ എതിര്‍പ്പറിയിച്ച് കത്തയച്ചതോടെ നടപ്പായില്ല. അഭിഭാഷകനായ മകന്‍ സഞ്ജയ് രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി വിയോജനക്കുറിപ്പ് എഴുതിയതോടെയാണ് ഇത് പരാജയപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.