ഹൈബ്രിഡ് കഞ്ചാവുമായി 'ആവേശം' സിനിമ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടന്‍ പിടിയില്‍; വേരുകള്‍ ബാങ്കോക്കില്‍

ഹൈബ്രിഡ് കഞ്ചാവുമായി 'ആവേശം' സിനിമ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടന്‍ പിടിയില്‍; വേരുകള്‍ ബാങ്കോക്കില്‍

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ്മാന്‍ പിടിയില്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷും സംഘം രഞ്ജിത്തിനെ പിടികൂടിയത്.

ഇയാളില്‍ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്' ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആവേശം ഉള്‍പ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി, സൂക്ഷമ ദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് കെ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഹൈബ്രിഡ് കഞ്ചാവ് വന്നവഴി?

2024 സെപ്റ്റംബറില്‍ എറണാകുളം റൂറല്‍ പൊലീസിന് കര്‍ണാടക പൊലീസില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കുടക് മേഖലയില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയായ മഹ്റൂഫ് എറണാകുളത്ത് ഉണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചു.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്സേന മഹറൂഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൊട്ടടുത്ത ദിവസം ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹറൂഫ് പിടിയിലായി. ആ സംഭവം കേരള പൊലീസിന് മുന്നില്‍ ഹൈബ്രിഡ് കഞ്ചാവ് എന്നൊരു ലഹരി വസ്തു സംബന്ധിച്ച വിവരം കൂടിയായിരുന്നു തുറന്നിട്ടത്.

കുടകില്‍ 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായിരുന്നു മഹറൂഫ്. ബാങ്കോക്കില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കുടകില്‍ എത്തിക്കുകയും പിന്നീട് രാജ്യത്തിന്റെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് മഹറൂഫും സംഘവും ആയിരുന്നു. എറണാകുളം പൊലീസ് മഹറൂഫിനെ കര്‍ണാടക പൊലീസിന് കൈമാറി.

എന്നാല്‍, മഹറൂഫ് ഒരു തുടക്കം മാത്രമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. വിപണിയില്‍ 2.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു ഭക്ഷണ പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 2024 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം 70.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 13 പേരാണ് ഏഴോളം കേസുകളായി പിടിയിലായത്. ഇതിനിടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. കാക്കനാട് സ്വദേശിയുടെ വിലാസത്തില്‍ ആയിരുന്നു കഞ്ചാവ് എത്തിയത്. ഇതുവരെയുള്ള എല്ലാ കേസുകളുടെയും ഒരു അറ്റം ബാങ്കോക്കില്‍ എത്തി നില്‍ക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍.

കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലില്‍ ഇതിന്റെ ഗന്ധം നിറയാറുണ്ടെന്ന് കൊച്ചി വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സവിശേഷതകള്‍ ആണ് ഹൈഡ്രോ കഞ്ചാവിന് വിലകൂടുതലെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളതുമാക്കുന്നത് എന്നാണ് കൊച്ചിയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന് ഡിമാന്‍ഡ് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രോ കഞ്ചാവിന് കിലോഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും.

ബാങ്കോക്ക് വേരുകള്‍ക്ക് പിന്നില്‍

കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് 2018 ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

കൃഷി വ്യാപിപ്പിക്കാന്‍ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യാന്‍ പോലും തായ്ലന്റ് ആരോഗ്യ വകുപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തായ്‌ലന്‍ഡില്‍, ഹൈഡ്രോപോണിക് കൃഷിയുടെ വര്‍ധിച്ചത്. ഇതോടെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളക്കടത്തായി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.

ഇന്ത്യയിലെ സാഹചര്യം

നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ പഴുതുകളാണ് രാജ്യത്ത് കഞ്ചാവ് പ്രതിരോധത്തില്‍ നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ഒരു കിലോ ഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ കഞ്ചാവിനും ഹൈബ്രിഡ് കഞ്ചാവിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതിനാല്‍ 999 ഗ്രാം വരെ ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്ന ആര്‍ക്കും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ വിദേശത്ത് നിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലും കേരളത്തിലും എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഇത്തരം ആധുനിക കൃഷി രീതി വ്യാപകമാകാനുള്ള സാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഹൈഡ്രോപോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും.

ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം തടയുന്നതിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചും ഹൈബ്രിഡ് കഞ്ചാവിന്റെ വില്‍പനയും കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.