തിരുവനന്തപുരം: ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
വെയിലത്ത് ജോലി ചെയ്യുന്നവരും ചര്‍മ, നേത്ര രോഗങ്ങള്‍ ഉള്ളവരും കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മാര്‍ച്ച് പകുതിക്ക് ശേഷം സൂര്യന്‍ ഉത്തരാര്‍ധഗോളത്തിലേക്ക് പ്രവേശിക്കും. ഇതോടെ അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് കൂടുമെന്നും ചര്‍മ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വയ്ക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സ്യൂര്യതാപം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാരമായ പൊള്ളലിനും കാരണമാകും. പകല്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കണം.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതോടൊപ്പം തൊഴില്‍ദായകര്‍ ജോലി സമയം ക്രമീകരിക്കണമെന്ന് തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സജ്ജീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.