ന്യൂഡല്‍ഹി: വിദേശ ജോലി തട്ടിപ്പില്‍പ്പെട്ട് മ്യാന്‍മര്‍-തായ്ലന്‍ഡ് അതിര്‍ത്തിയിലെ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം.
കേരളം, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, തെലങ്കാന സ്വദേശികളെയാണ് രണ്ട് സൈനിക വിമാനങ്ങളിലായി തിരികെയെത്തിച്ചത്.
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡിലേക്കോ, മ്യാന്‍മറിലേക്കോ കൊണ്ടു പോയ ശേഷം സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്‍മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു പതിവ്.
അതിര്‍ത്തിയിലെ ഇത്തരം കേന്ദ്രങ്ങള്‍ അടുത്തയിടെ അധികൃതര്‍ തകര്‍ക്കുകയും അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യക്കാരെയും രക്ഷപ്പെടുത്തുകയുമായിരുന്നു.
വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശൂര്‍, കാസര്‍കോട് സ്വദേശികളാണ് തിരിച്ചെത്തുന്നത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍.
മ്യാന്‍മാര്‍, തായ്‌ലന്‍ഡ,് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. മറ്റുളളവരേയും ഉടന്‍ തിരിച്ചെത്തിക്കും. രക്ഷപ്പെടുത്തിയവരെ തായ്‌ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച 283 പേരെയും ചൊവ്വാഴ്ച 26 പേരെയുമാണ് മടക്കി കൊണ്ടുവന്നത്. ലാവോസില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ കുടുങ്ങിപ്പോയ 67 ഇന്ത്യക്കാരെ ജനുവരി മാസം തിരിച്ചെത്തിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.