സിറിയയില്‍ സമാധാനത്തിനായി വിദേശ ഇടപെടല്‍ അനിവാര്യം: ബിഷപ്പ് ഹന്നാ ജെലാഫ്

സിറിയയില്‍ സമാധാനത്തിനായി വിദേശ ഇടപെടല്‍ അനിവാര്യം: ബിഷപ്പ് ഹന്നാ ജെലാഫ്

ദമാസ്‌ക്കസ്: അസമാധാനത്തിന്റെയും അശാന്തിയുടെയും ഈറ്റില്ലമായി തീര്‍ന്ന സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വിദേശ ഇടപെടല്‍ അനിവാര്യമാണെന്ന് ബിഷപ്പ് ഹന്നാ ജെലാഫ്. ഭരണകക്ഷിയായ ഹിസ്ബുല്ലക്കെതിരെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ മൂന്ന് ദിവസത്തിനിടെ 1300 ല്‍ അധികം ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അലെപ്പോയിലെ അപ്പോസ്‌തോലിക വികാരിയായ ബിഷപ്പ് ഹന്ന ജെലാഫ്.

സിറിയയില്‍ സമാധാനത്തിനായി വിദേശ ഇടപെടല്‍ വേണമെന്നും വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.


പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ അലവികള്‍

സിറിയയിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ തലവനാണ് ബിഷപ്പ് ഹന്നാ ജെലാഫ്. സിറിയയിലെ കലാപത്തിന്റെ ഭീകരാവസ്ഥ അദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. ഹിസ്ബുള്ളയുടെ നേതൃത്തിലുള്ള ഭരണം അട്ടിമറിക്കാന്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന അസദിന്റെ അനുകൂലികളായ അലവികള്‍ നടത്തിയ ശ്രമമാണ് മൂന്ന് ദിവസത്തിനുള്ളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1300 ല്‍ അധികം പേരുടെ കൊലപാതകത്തില്‍ കലാശിച്ചത്.

നിലവില്‍ ഹിസ്ബുള്ള നേതൃത്വം നല്‍കുന്ന ഭരണത്തിലെ ഇരുപതോളം പട്ടാളക്കാരെ അസദ് അനുകൂലികളായ അലവികള്‍ ആക്രമിച്ചു വധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിന് മറുപടിയായി അലവി വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശം ഹിസ്ബുള്ള നേതൃത്വം ആക്രമിച്ച് അവരുടെ കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ വധിക്കുകയും വീടുകള്‍ തീവെച്ചു നശിപ്പിക്കുകയുമാണ് ഉണ്ടായതെന്ന് യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധ ചരിത്രമുള്ള സിറിയയില്‍ ചില പ്രദേശങ്ങളിലുണ്ടായ ഒരു ലഹള മാത്രമാണിതെന്നും സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസ് ഉള്‍പ്പടെ മറ്റു പട്ടണങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ബിഷപ്പ് അഭിമുഖത്തില്‍ വ്യക്തമാക്കി. സിറിയയുടെ ഭാഗമായ ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ അധീനതയിലാണ് ഉള്ളത്.


കുടുംബങ്ങൾ  പലായനം ചെയ്യുന്നു

സിറിയയില്‍ സ്ഥാപിത താല്‍പര്യവുമായി റഷ്യ, അമേരിക്ക തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ കാലാകാലങ്ങളായി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുമുണ്ട്. സിറിയ സ്വാതന്ത്രമായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ ഒറ്റകെട്ടായി ഫലപ്രദമായി നേരിടാന്‍ സാധിക്കുകയുള്ളു എന്ന് താന്‍ കരുതുന്നുവെന്നും അദേഹം പറഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ക്രിസ്ത്യാനികള്‍ ഉള്‍പെട്ടിട്ടുണ്ടെകിലും അത് ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ആക്രമണം ആയിരുന്നു എന്ന് കരുതുന്നില്ലെന്നും അദേഹം വെളിപ്പെടുത്തി.

ക്രിസ്ത്യാനികള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുമെന്ന ഭരണപക്ഷത്തിന്റെ വാഗ്ദാനം നടപ്പിലാകുമെന്നാണ് വിശ്വാസമെന്നും ന്യൂനപക്ഷമെന്ന പരിഗണനയില്‍ ഉപരി തുല്യാവകാശമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ മറ്റ് ക്രിസ്ത്യന്‍ സഭാ പിതാക്കന്മാരോടൊത്ത് ഭരണഘടനാ നിര്‍മാണ പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത ബിഷപ്പ് ഹന്നാ ജെലാഫ് ഭരണഘടനയില്‍ സമാധാനത്തിനും ഐക്യത്തിനും സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും പ്രാധാന്യമുള്ള നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.