ദുബായ് : കോവിഡ് പശ്ചാത്തലത്തില്‍ എമിറേറ്റില്‍ ഏർപ്പെടുത്തിയിട്ടുളള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തുടരാന്‍ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു. ഏപ്രില്‍ പകുതിയോടെ റമദാന്‍ ആരംഭിക്കും. അതുവരെ നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാല്‍, എമിറേറ്റിലെ കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനമായത്.
സിനിമാ ശാലകൾ, വിനോദകേന്ദ്രങ്ങൾ, കായിക വേദികൾ മുതലായ ഇൻഡോർ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമാണ് ഫെബ്രുവരി രണ്ട് മുതൽ പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ഇടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും. ഹോട്ടലുകളുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 70 ശതമാനം എന്ന രീതിയിൽ പുനഃക്രമീകരിക്കേണ്ടതാണ്.
ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാളുകളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെസ്റ്ററന്റുകള്‍, കഫേകൾ മുതലായ ഭക്ഷണശാലകൾ കർശനമായും രാത്രി ഒരു മണിയോടെ അടയ്‌ക്കേണ്ടതാണ്. പബ്ബുകൾ, ബാറുകൾ എന്നിവ അടച്ചിടും. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനാ നടപടികൾ ഏർപ്പെടുത്തുന്നതാണ്.
സമൂഹത്തിന്റെ ആരോഗ്യപരിരക്ഷ മുന്‍നിർത്തി മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ 901 എന്ന സൗജന്യ ഹോട്ട് ലൈൻ നമ്പറിലൂടെയും, ദുബായ് പോലീസിന്റെ സ്‍മാർട്ട് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ള ‘ഐ ഓഫ് ദി പോലീസ്’ (Eye of the Police) സേവനം ഉപയോഗിച്ചും അധികൃതരെ അറിയിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.