ബെൽഫാസ്റ്റ് ബൈബിൾ കലോത്സവം ആഘോഷമാക്കി നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ സമൂഹം

ബെൽഫാസ്റ്റ് ബൈബിൾ കലോത്സവം ആഘോഷമാക്കി നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ സമൂഹം

ബെൽഫാസ്റ്റ് : നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് എട്ടിന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളജിൽ നടന്നു. രാവിലെ പത്ത് മണിക്ക് അയർലണ്ട് സീറോ മലബാർ സഭ ബെൽഫാസ്റ്റ് റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര തിരിതെളിച്ച് തുടക്കം കുറിച്ചു.

ഉദ്ഘാടന ചടങ്ങിൽ ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാദർ ജെയിൻ മന്നത്തുകാരൻ, ഫാ.അനീഷ് മാത്യു വഞ്ചിപ്പാറയിൽ, ഫാ.ജോഷി പാറോക്കാരൻ, ഫാ. സജി ഡോമിനിക് പൊന്മിനിശേരി, ഫാ.ജോ പഴേപറമ്പിൽ, ബൈബിൾ ഫെസ്റ്റ് കോർഡിനേറ്റർ മാരായ ബാബു ജോസഫ്, രാജു ഡെവി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻ ഇണ്ടികുഴി, റീജിയണൽ ട്രസ്റ്റി ഫിനാൻസ് കോർഡിനേറ്റർ ഷാജി വർഗീസ്, ട്രസ്റ്റി സെക്രട്ടറി മോൻസി ജോസഫ്, പി ആർ ഓ ആനന്ദ് ജോസഫ്, ജോയിൻ്റ് സെക്രട്ടറി സോജൻ സെബാസ്റ്റ്യൻ മറ്റു റീജിയണൽ കൗൺസിൽ അംഗങ്ങൾ, ബൈബിൾ ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



ബെൽ ഫാസ്റ്റ് റീജിയണിലെ ഏഴ് ഇടവകകൂട്ടായ്മകളിൽനിന്നും എത്തിയ നാനൂറീലധികം സഭാഗങ്ങൾ ഈ ഉത്സവത്തിൻ്റെ ഭാഗമായി. നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ മലയാളീ കലാമേളയാണ് നൂറുകണക്കിന് ആസ്വാദകർ തിങ്ങിനിറഞ്ഞ സദസിൽ അവതരിപ്പിക്കപ്പെട്ടത്. ബൈബിൾ അധിഷ്ഠിതമായിരുന്നു ഈ കലാമേളയെങ്കിലും മാത്സര്യം നൽകിയ വീര്യം, അവതരണ മികവും കലാമൂല്യവും നിലവാരവും ഏറേ ഉയർത്തിപ്പിടിച്ചു. പലരും പ്രവാസ ജീവിതത്തിന് മുൻപ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കൽ കൂടി എടുത്തണിഞ്ഞു.

അരങ്ങിലെത്തിയ കലാകാരികളുടെ നൃത്തം മിഴിവാർന്ന ആടയാഭരണങ്ങളും മികവാർന്ന ചുവടുകളും നിരന്തര പരിശീലനം മൂലം നേടിയ ചടുലതയും താളവും കൊണ്ട് ഒന്നിനൊന്നു മികച്ചു നിന്നു. ഗാനാലാപന വീഥിയിൽ വന്നതൊക്കെയും മികവിൻ്റെ ഈണവും താളവും ശ്രുതിയും ആയിരുന്നു. കുട്ടികളും മുതിർന്നവരും വിവിധ മൽസര ഇനങ്ങളിൽ പങ്കെടുത്തു. ചിത്ര രചനയിലും ഏകാഭിനയത്തിലും സർഗശേഷിയുള്ള കുട്ടികൾ മാറ്റുരച്ചു. കൊച്ചു കുട്ടികൾക്കായി നടതിയ കളറിറങ്ങിൽ‌ പോലും പുത്തൻ പ്രതിഭകളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന രചനകൾ ഉണ്ടായി. സ്കിറ്റ് മത്സരത്തിൽ അവതരിപ്പിക്കപ്പെട്ടവയെല്ലാം സാങ്കേതികത്വവും അഭിനയ ചാരുതയും ആശയ സമ്പുഷ്ടത കൊണ്ടും ചിന്തോദീപകവുംആസ്വാദ്യ കരവും ആയിരുന്നു.



പ്രവാസ ജീവിതത്തിലും മലയാള നാടിൻ്റെ കലയും സംസ്ക്കാരവും ഒളിമങ്ങാതെ തെളിമയോടെ കാത്തു സൂക്ഷിക്കുവാൻ ഇത്തരം വേദികൾ അനിവാര്യമെന്ന് അടിവരയിടുന്നതായിരുന്നു ഈ കലാമേള. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി നടത്തി വരുന്ന കലയുടെ ഈ മഹോത്സവം ഓരോ വർഷം ചെല്ലുന്തോറും ഏറേ ജനപ്രിയമായി മാറുന്നു എന്നതാണ് വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.

നോർത്തേൺ അയർലണ്ടിലെ ഏഴ് ഇടവകകളായി പരന്നു കിടക്കുന്ന സീറോ മലബാർ കാത്തലിക് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളുമായ വിവിധ പ്രായക്കാർ അണിനിരന്ന മേളയിൽ വിധി കർത്താക്കൾ ആയും പരിശീലകരായും കേരളത്തിലെ സ്കൂൾ - യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മുൻകാല വിജയികൾ അണിനിരന്നതു കലാ മേളയുടെ ഔന്നത്യം വിളിച്ചോതി. വിജയികൾക്ക് സമ്മാനം വിതരണവും നടത്തി. വൈകുന്നേരത്തോടെ പരിപാടികൾ ഭംഗിയായി അവസാനിച്ചു

സഭാമക്കളുടെ വിശ്വാസത്തിലും ബൈബിൾ അറിവിലും അടിയുറച്ചുനിന്നുള്ള കലാപരമായ കഴിവുകളെ പ്രകാശിപ്പിക്കാനുള്ള അനുഗ്രഹത്തിന്റെ അവസരമായിരുന്നു ബൈബിൾ കലോത്സവ വേദി. ബൈബിൾ കലോത്സവം വിജയമാക്കാൻ സഹായിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും നന്ദിയും അഭിന്ദനങ്ങളും അറിയിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.