12,000 കോടിയുടെ വായ്പയ്ക്ക് പിന്നാലെ 6,000 കോടി കൂടി പരിഗണനയില്‍; കേരളത്തോടുള്ള കേന്ദ്ര നിലപാടില്‍ മാറ്റം

12,000 കോടിയുടെ വായ്പയ്ക്ക് പിന്നാലെ 6,000 കോടി കൂടി പരിഗണനയില്‍; കേരളത്തോടുള്ള കേന്ദ്ര നിലപാടില്‍ മാറ്റം

ന്യൂഡല്‍ഹി: കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 12,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ 6,000 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളം.

ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായാണ് പുതിയ കടമെടുപ്പ്. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്.

ഡല്‍ഹിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് കേരളത്തിന് അധിക തുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ കേരളവുമായി ബന്ധപ്പെട്ട പല ഫയലുകള്‍ക്കും വേഗം കൂടിയിട്ടുണ്ട്. കടപരിധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷം കേരളത്തിന്റെ പല ആവശ്യങ്ങളും ഉള്‍പ്പെട്ട ഫയലുകളുടെ നീക്കത്തിന് വേഗം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ മാറ്റം വന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെതിരെ നിയമ പോരാട്ടം നടത്തുന്ന തിരക്കിലായിരുന്നു കേരളം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിടുകയും ചെയ്തിരുന്നു.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.

കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാം ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എതിരായ നിയമ പോരാട്ടം സംസ്ഥാന സര്‍ക്കാര്‍ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.