'വയലന്‍സ്' തന്നെ ലഹരിയായി മാറി; രാസലഹരിയുടെ ഒഴുക്ക് തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടണമെന്ന് മന്ത്രി എം.ബി രാജേഷ്

'വയലന്‍സ്' തന്നെ ലഹരിയായി മാറി; രാസലഹരിയുടെ ഒഴുക്ക് തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടണമെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കേരളത്തില്‍ വയലന്‍സ് തന്നെ ഒരു ലഹരിയായി മാറിയിരിക്കുകയാണെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. ഇന്ന് കാര്യങ്ങള്‍ അടിച്ചു തീര്‍ക്കാം, കൊന്നു തീര്‍ക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. അക്രമത്തിന്റെയും മയക്കുമരുന്നിന്റെയും സംയോജനം മാരകമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സിനിമയ്ക്കും വെബ് സീരിസിനും സോഷ്യല്‍ മീഡിയയ്ക്കും പങ്കുണ്ട്. ദിവസവും വാട്‌സ് ആപ്പുകളില്‍ വരുന്ന ക്രൈം വീഡിയോകള്‍ കണ്ട് ആളുകളുടെ മനസ് മരവിച്ചു. ഇതൊന്നും ഒരു പ്രശ്‌നമല്ലെന്ന തരത്തിലേക്ക് ആളുകള്‍ എത്തിയെന്നും മന്ത്രി സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കി.

സംസ്ഥാനത്തില്‍ രാസലഹരിയുടെ വ്യാപനം വര്‍ധിക്കുന്നത് ഗൗരവമായി തന്നെയാണ് കാണുന്നത്. ഗോവ, ബംഗളൂരു വഴിയാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്. അതിര്‍ത്തിയില്‍വച്ച് തന്നെ ഇവ പിടികൂടുന്നതിന് ഇതിനോടകം വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എക്‌സൈസ് ചെക് പോസ്റ്റുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു, മയക്കുമരുന്ന് കണ്ടെത്തല്‍ കിറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി, സംസ്ഥാന അതിര്‍ത്തികളില്‍ കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെഇഎംയു) വിന്യസിച്ചു. ലഹരി കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിന് ഒരു ക്രൈംബ്രാഞ്ച് എക്‌സൈസ് വിഭാഗവും രൂപീകരിച്ചിട്ടുണ്ടെന്ന് എംബി രാജേഷ് വ്യക്തമാക്കി.

മുന്ദ്ര, മുംബൈ, കൊല്‍ക്കത്ത, വിശാഖപട്ടണം തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ പ്രധാനമായും ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഈ ഒഴുക്ക് തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടതുണ്ട്. 2024 ല്‍ ഇന്ത്യയില്‍ 25,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തില്‍ 100 കോടിയില്‍ താഴെ രൂപയുടെ ലഹരി വസ്തുക്കള്‍ മാത്രമാണ് പിടികൂടിയത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ദേശീയതലത്തില്‍ വെച്ചു നോക്കുമ്പോള്‍ വളരെ കൂടുതലാണ്. നമ്മുടെ പരിധിയില്‍ നിന്നു കൊണ്ട് മയക്കുമരുന്നുകളുടെ വ്യാപനവും ഉത്ഭവവും പരമാവധി തടയാന്‍ കേരളത്തിലെ പൊലീസിനും എക്‌സൈസിനും സാധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. എംഡിഎംഎയും മെത്താംഫെറ്റാമിനുമാണ് കേരളത്തിലേക്ക് കൂടുതലായും എത്തുന്നത്.

മഞ്ചേരിയില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എക്‌സൈസ് സംഘം ആന്‍ഡമാന്‍ വരെ പോയി. അവിടെ 100 കോടി രൂപയുടെ മയക്കുമരുന്നാണ് കേരളത്തില്‍ നിന്നുള്ള സംഘം നശിപ്പിച്ചത്. ആന്‍ഡമാന്‍ രാസലഹരിയുടെ ഹബ്ബാണ്. ഹൈദരാബാദില്‍ രാസലഹരി നിര്‍മിച്ചിരുന്ന ഫാക്ടറി തൃശൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. വലിയൊരു കോടീശ്വരന്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. അങ്ങനെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് പൊലീസും എക്‌സൈസും ലഹരിക്കെതിരായി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടം ഇന്ത്യയില്‍ എല്ലാ ഏജന്‍സികളും ഏകോപിപ്പിച്ചു നടത്തേണ്ടതാണെന്നും അദേഹം വ്യക്തമാക്കി.

കേരളത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന കൂടുതലായും നടക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി രൂപീകരിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ 'യോദ്ധാവ്' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതുപോലെ നേര്‍ക്കൂട്ടം, ശ്രദ്ധ എന്ന പേരില്‍ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടാണ് ഇത്രത്തോളം മയക്കുമരുന്നിന്റെ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കുറ്റകൃത്യ നിരക്ക് വര്‍ധിക്കാനുള്ള ഏക കാരണം ലഹരിമരുന്നല്ല. അക്രമത്തിന്റെയും മയക്കുമരുന്നിന്റെയും സംയോജനം മാരകമാണ്.

സിനിമ, വെബ് സീരീസ്, സോഷ്യല്‍ മീഡിയ എന്നിവ അക്രമത്തെ മഹത്വപ്പെടുത്തുന്നു. വ്യക്തികളെ സെന്‍സിറ്റീവ് ആക്കുകയും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചില വ്യക്തികളില്‍ ഈ മാനസികാവസ്ഥ വളര്‍ന്നുവന്നിട്ടുണ്ട്. ഇത് നിസാരകാര്യങ്ങളുടെ പേരില്‍ അക്രമത്തിനും കൊലപാതകത്തിനും അവരെ പ്രേരിപ്പിക്കുന്നു. നേരത്തെ അക്രമത്തെ അപലപിക്കുകയും സംഘടനകളുടെ മുകളില്‍ പഴി ചാരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജനക്കൂട്ടം തന്നെ ഉത്തരവാദിത്തമില്ലാതെ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ മാറ്റം വിശദീകരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തമുണ്ട്. സാമൂഹികവും മാനസികവുമായ വശങ്ങള്‍ പരിഗണിച്ച് നാം ഇതിനെ സമഗ്രമായി സമീപിക്കണം. ഇവ ഒരു വലിയ പ്രതിസന്ധിയുടെ ലക്ഷണങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏതേസമയം കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശി അനുരാജ് ആണ് കളമശേരിയില്‍ നിന്നും പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനുരാജ്. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളാണ് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.