'കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാം, അസ്ഥികള്‍ ഒടിയാം, കാഴ്ചശക്തിയും കുറയാം'; സുനിതയ്ക്കും വില്‍മോറിനും ഭൂമിയിലെ ജീവിതം കഠിനമാകും

'കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാം, അസ്ഥികള്‍ ഒടിയാം, കാഴ്ചശക്തിയും കുറയാം'; സുനിതയ്ക്കും വില്‍മോറിനും ഭൂമിയിലെ ജീവിതം കഠിനമാകും

ഫ്‌ളോറിഡ: ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികന്‍ അമേരിക്കക്കാരനായ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്നും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.

എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തെത്തി പത്ത് മാസം ഐ.എസ്.എസില്‍ കുടുങ്ങിപ്പോയ ഇരുവരും ബുധനാഴ്ച ഭൂമിയിലേക്ക് തിരിക്കും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച മടക്കയാത്ര മുടക്കി. പിന്നാലെ സെപ്റ്റംബര്‍ ഏഴിന് സ്റ്റാര്‍ ലൈനര്‍ ആളില്ലാതെ തിരിച്ചെത്തി. അതിനിടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന ചരിത്ര നേട്ടവും സുനിത വില്യംസ് സ്വന്തമാക്കി. ആകെ 62 മണിക്കൂറും ആറ് മിനിട്ടുമാണ് അവര്‍ ബഹിരാകാശത്ത് നടന്നത്.

ലോകത്തിന്റെ നെഞ്ചിടിപ്പുകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുനിതയും വില്‍മോറും ഭൂമിയില്‍ മടങ്ങിയെത്തിയാലും അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഇരുവര്‍ക്കും 'ബേബി ഫീറ്റ്' എന്ന അവസ്ഥ ഉടലെടുത്തിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

മാസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ഫലമായി ബഹിരാകാശ യാത്രികരുടെ കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകുന്ന അവസ്ഥയാണിത്. ഇക്കാരണത്താല്‍ തന്നെ ഭൂമിയിലെത്തിയ ശേഷം നടക്കുമ്പോള്‍ അതികഠിനമായ വേദനയായിരിക്കും അനുഭവപ്പെടുക. കാല്‍പാദത്തില്‍ കട്ടിയായ തൊലി രൂപപ്പെടാന്‍ മാസങ്ങള്‍ വരെ വേണ്ടി വരാം. ഇക്കാലമത്രയും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം.

മാത്രമല്ല, മാസങ്ങളായി ഗുരുത്വാകര്‍ഷണ അനുഭവമില്ലാതെ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതിനും കാരണമാവും. ഇത് ചിലപ്പോള്‍ പരിഹരിക്കാന്‍ പോലും കഴിയാതെ വരാം എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ബഹിരാകാശത്ത് കഴിയുന്ന ഓരോ മാസവും അസ്ഥികളുടെ സാന്ദ്രത ഒരു ശതമാനം കുറയുമെന്നാണ് നാസ പറയുന്നത്. ഭൂമിയിലേതു പോലെയുള്ള ചലനങ്ങളും മറ്റും ഇല്ലാത്തതിനാല്‍ മസിലുകളും ദുര്‍ബലപ്പെടും.

ഗുരുത്വാകര്‍ഷണത്തിനെതിരായി ഹൃദയത്തിന് രക്തം പമ്പ് ചെയ്യേണ്ടി വരുന്നില്ല എന്നുള്ളതിനാല്‍ ബഹിരാകാശ യാത്രികരുടെ ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയും. രക്തത്തിന്റെ ഒഴുക്കിലും മാറ്റങ്ങള്‍ ഉണ്ടാവും.

ചില ഭാഗങ്ങളില്‍ രക്തമൊഴുകുന്നതിന്റെ വേഗത കുറയും. ഇത് രക്തം കട്ട പിടിക്കുന്നതിന് കാരണമായേക്കാം. ദ്രാവകങ്ങളും എളുപ്പത്തില്‍ താഴേക്ക് വരില്ല. ദ്രാവകങ്ങള്‍ കൂടിച്ചേരുന്നത് കൃഷ്ണമണിയുടെ രൂപത്തില്‍ മാറ്റം വരുത്തുകയും കാഴ്ചശക്തി കുറയുന്നതിന് കാരണമാവുകയും ചെയ്യും.

ബഹിരാകാശത്ത് ചെലവഴിക്കുന്നതിലെ മറ്റൊരു അപകടകരമായ പ്രത്യാഘാതം റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ആണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തിക ക്ഷേത്രവും മനുഷ്യരെ ഉയര്‍ന്ന തലങ്ങളിലുള്ള വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍, അത്തരം സംരക്ഷണം ബഹിരാകാശയാത്രികര്‍ക്ക് ലഭ്യമല്ല.

ബഹിരാകാശ യാത്രികര്‍ക്ക് മൂന്ന് തരം വികിരണങ്ങളാണ് പ്രധാനമായും ഏല്‍ക്കുന്നതെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തിക ക്ഷേത്രത്തില്‍ കുടുങ്ങിയ കണികകള്‍, സൂര്യനില്‍ നിന്നുള്ള സൗരോര്‍ജ കാന്തിക കണികകള്‍, ഗാലക്‌സി കോസ്മിക് കിരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇവക്കെല്ലാം പുറമേയാണ് ബഹിരാകാശ യാത്രികര്‍ക്കുണ്ടാകാവുന്ന മാനസിക വെല്ലുവിളികള്‍. പരിമിതമായ ഉറക്കം, ബഹിരാകാശ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിന്റെ സമ്മര്‍ദം, ക്രമരഹിതമായ പ്രകാശ ചക്രങ്ങള്‍ എന്നിവയെല്ലാം ചില മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.