വത്തിക്കാന്‍ സിറ്റി: ബ്രോങ്കൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍. ആശുപത്രിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ വീല്‍ ചെയറിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് അദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിന് ശേഷം അദേഹം പൊതുവേദികളില്‍ എത്തിയിരുന്നില്ല.
വത്തിക്കാന്‍ ഇപ്പോള്‍ പുറത്തുവിട്ട ചിത്രത്തില്‍ വെളള മേലങ്കിയും പര്‍പ്പിള്‍ നിറത്തിലുളള ഊറാലയുമാണ് അദേഹം ധരിച്ചിരിക്കുന്നത്. തല കുനിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് മാര്‍പാപ്പ.
'ഇന്ന് (ഞായര്‍) രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുളള അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ച ശേഷം ശ്വസന, ശാരീരിക ചികിത്സകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശിക്കപ്പെട്ട ചികിത്സകള്‍ അദേഹം തുടര്‍ന്നതായും വത്തിക്കാന്‍ അറിയിച്ചു. സന്ദര്‍ശകരെ ആരെയും ഇപ്പോള്‍ അനുവദിക്കുന്നില്ല.
അതേസമയം നൂറ് കണക്കിന് കുട്ടികളാണ് മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. 'പ്രിയപ്പെട്ട കുട്ടികളേ, നന്ദി! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളെ കാണാന്‍ എപ്പോഴും കാത്തിരിക്കുന്നു'- കുട്ടികള്‍ക്കയച്ച പ്രസ്താവനയില്‍ പാപ്പ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ചിത്രം എല്ലാവര്‍ക്കും പ്രതീക്ഷയും സന്തോഷവും പകരുന്ന തരത്തിലുളളതാണ്.
കഴിഞ്ഞ ശനിയാഴ്ച പുറത്തു വന്ന മെഡിക്കല്‍ ബുളളറ്റിനില്‍ മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വിശദമാക്കിയിരുന്നു.
മാര്‍പാപ്പയുടെ രോഗ മുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുകയാണ്. മാര്‍പാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആദ്യം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.