ഓര്‍മയില്‍ മാര്‍ ജോസഫ് പൗവ്വത്തില്‍; വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം

ഓര്‍മയില്‍ മാര്‍ ജോസഫ് പൗവ്വത്തില്‍; വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം

സഭാ വിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും ശ്രദ്ധേയനായ വ്യക്തിയായിരുന്നു മാര്‍ ജോസഫ് പൗവ്വത്തില്‍. സഭകള്‍ക്കുള്ളിലെ ഐക്യത്തിനൊപ്പം മറ്റുള്ളവരെയും ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിത്വം. സമകാലിക വിഷയങ്ങളില്‍ ശക്തവും ധീരവുമായ നിലപാടുകള്‍ എടുത്ത് സഭയെ മുന്നോട്ട് നയിച്ച നല്ല ഇടയന്റെ  ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്.

എല്ലാവരുമായി നല്ല അടുപ്പം പുലര്‍ത്തിയ പൗവ്വത്തില്‍ പിതാവ് സാധാരണക്കാരിലേക്ക് പകര്‍ന്ന് നല്‍കിയത് സ്‌നേഹവും വിശ്വാസവുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്ന അദേഹം 2023 മാര്‍ച്ച് 18 നാണ് വിടവാങ്ങിയത്.

കേരള സഭയുടെ ഉറച്ച ശബ്ദവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാര്‍ ജോസഫ് പൗവ്വത്തില്‍. ഈടുറ്റ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായിരുന്നു അദേഹം. 'കരുതലും കാവലും' എന്നായിരുന്നു അദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര്. സഭയേയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. സഭയോടൊപ്പം സമൂഹത്തെയും കരുതലോടെ കണ്ട ശ്രേഷ്ഠന്‍. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉറച്ച നിലപാടുകളിലൂടെ സമൂഹ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വം.

ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും പാറപോലെ ഉറച്ച നിലപാടുകള്‍ എടുക്കാന്‍ അദേഹത്തിന് കരുത്ത് നല്‍കി. മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ ചില ഉറച്ച നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അദേഹത്തിന് കടുത്ത വിമര്‍നങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ വിമര്‍ശനങ്ങളോട് അദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല. അതേസമയം ബോധ്യമുള്ള നിലപാടുകളില്‍ നിന്ന് കടുകിട വ്യതിചലിക്കാനും തയാറായിരുന്നില്ല.

1930 ഓഗസ്റ്റ് 14 ന് ചങ്ങനാശേരി കുറുമ്പനാടം എന്ന ഗ്രാമത്തിലാണ് പൗവത്തില്‍ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രനായി പാപ്പച്ചന്‍ എന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ ജനിച്ചത്. കുറുമ്പനാടം ഹോളി ഫാമിലി എല്‍പി സ്‌കൂളിലും സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളിലും ചങ്ങനാശേരി എസ്ബി ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്ബി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. മദ്രാസ് ലെയോളാ കോളജില്‍ നിന്ന് എംഎ പാസായി.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസം നേടിയ ശേഷമാണ് അദേഹം സെമിനാരിയില്‍ ചേരുന്നത്. മൂത്ത പുത്രനായതുകൊണ്ട് തന്നെ കുടുംബത്തിന്റെ ചുമതലകളിലേക്ക് കടക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷെ തന്റെ വഴി തിരഞ്ഞെടുക്കാന്‍ അദേഹത്തിന് തെല്ലും ശങ്കയുണ്ടായില്ല. ഈശോസഭയില്‍ ചേരാനായിരുന്നു ആഗ്രഹമെങ്കിലും ഇടവകപ്പട്ടമാണ് തിരഞ്ഞടുത്തത്.

പൗരോഹിത്യ സ്വീകരണത്തിന് ശേഷം ചങ്ങനാശേരി എസ്ബി കോളജിലേക്ക് നിയോഗിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കലാലയത്തിലെ സേവനകാലത്ത് തന്നെ നേതൃപാടവം പ്രകടമാക്കിയിരുന്നു മാര്‍ പൗവ്വത്തില്‍. ഓക്‌സ്ഫഡില്‍ വികസനോന്മുഖ സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനും ഇതിനിടെ അര്‍ഹനായി. എസ്ബിയില്‍ അധ്യാപകനായിരിക്കെയാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി പടിയറയുടെ മാര്‍ഗ നിര്‍ദേശത്തിലും പിന്തുണയിലും അതിരൂപതയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സഹായമെത്രാനായ മാര്‍ ജോസഫ് പൗവ്വത്തിലിന് കഴിഞ്ഞു.

പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. പുതിയ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ അടിത്തറ നിര്‍മിതിയില്‍ മാര്‍ പൗവത്തില്‍ വലിയ സംഭാവനയാണ് നല്‍കിയത്. അധികം വൈകാതെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയി ചുമതലയേറ്റു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനവും വഹിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പൗവ്വത്തില്‍ സഹോദര സഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.

സിറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് പൗവ്വത്തിലിനെ വിശേഷിപ്പിച്ചത്. അഞ്ച് മാര്‍പാപ്പമാരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ അദേഹത്തിന് കഴിഞ്ഞു. അതില്‍ തന്നെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പ്രത്യേകമായൊരു അടുപ്പവും ആത്മീയബന്ധവും അദേഹത്തിനുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വത്തിക്കാനില്‍ വച്ച് മാര്‍ പൗവ്വത്തിലിന്റെ മെത്രാഭിഷേകം നിര്‍വഹിച്ചത്.

ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷവും അദേഹം ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും സമൂഹത്തിന് ബോധവല്‍കരണം നടത്തുകയും ചെയ്തിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാ പിതാക്കന്മാര്‍ മാര്‍ പൗവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.