ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാരടങ്ങുന്ന സംഘം ശനിയാഴ്ച കലാപ ബാധിത സംസ്ഥാനമായ മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി സംഘം പരിശോധിക്കും. ജന ജീവിതത്തിലെ പുരോഗതി ഉള്‍പ്പെടെ വിലയിരുത്തും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതോടെ ആ പദവിയിലെത്തുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേഷ്, വിക്രം നാഥ്, എന്‍.കെ. സിങ് എന്നിവരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. കലാപ ബാധിതര്‍ക്ക് നിയമ സഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംഘം നടത്തും.
ന്യായാധിപ സംഘത്തിലെ അംഗമായ ജസ്റ്റിസ് എന്‍.കെ സിങ് മണിപ്പൂര്‍ സ്വദേശിയാണ്. മണിപ്പൂര്‍ ഹൈക്കോടതിയിലെ ജഡ്ജിയും സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്നു അദേഹം. ജഡ്ജിമാരുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി നേരത്തെ രൂപം നല്‍കിയിരുന്നു.
ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയില്‍ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.